അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേട് സംബന്ധിച്ച എസ്ഐടി അന്വേഷണം തുടരുന്നതിനിടെ ക്ഷേത്രത്തിലെ ജീവനക്കാരുടെ കൂട്ടരാജി. കാണിക്ക എണ്ണുന്ന വിഭാഗത്തിലെ 25 ജീവനക്കാരാണ് രാജി നൽകിയത്.
ഡ്യൂട്ടി സമയം വർധിപ്പിച്ചതും ശമ്പളം കുറച്ചതുമാണ് രാജിക്ക് കാരണമെന്ന് ജീവനക്കാർ അറിയിച്ചു. കാണിക്ക എണ്ണലിന്റെ മേൽനോട്ടം വഹിക്കുന്ന എസ്ബിഐ തുളസി ഉദ്യാൻ ബ്രാഞ്ചിലാണ് ജീവനക്കാർ രാജിക്കത്ത് നൽകിയത്. ബുധനാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ രണ്ട് ഡസനിലധികം ജീവനക്കാർ പ്രതിഷേധവുമായി എത്തി എസ്ബിഐ ബ്രാഞ്ചിൽ മെമ്മോറാണ്ടത്തിനൊപ്പം രാജിക്കത്തും കൈമാറുകയായിരുന്നു.
നേരത്തെ രണ്ട് ഷിഫ്റ്റുകളിലായി നടന്നിരുന്ന ജോലി ഇപ്പോൾ ഒരു ഷിഫ്റ്റാക്കി മാറ്റിയെന്നും ഡ്യൂട്ടി സമയം ആറ് മണിക്കൂറിൽ നിന്ന് ഒൻപത് മണിക്കൂറായി ഉയർത്തിയെന്നും ജീവനക്കാർ ആരോപിച്ചു. ശമ്പളം കുറച്ചതായും ഒരേ ജോലി ചെയ്യുന്നവർക്ക് വ്യത്യസ്ത വേതനം ലഭിക്കുന്നതായും ജീവനക്കാർ പരാതിപ്പെട്ടു. അവധി ദിവസങ്ങളുടെ എണ്ണത്തിലും കുറവ് വരുത്തിയതായും അവർ പറഞ്ഞു.
കൂട്ടരാജിയെ തുടർന്ന് കാണിക്ക എണ്ണാൻ എത്തിയ ജീവനക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. അതേസമയം, പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ ഉടൻ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
സംഭാവന ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന വിവരങ്ങൾക്കിടെയാണ് കൂട്ടരാജി ഉണ്ടായിരിക്കുന്നത്. നേരത്തെ കേസിൽ എട്ട് പേർ അറസ്റ്റിലായിരുന്നു. ക്ഷേത്രത്തിന്റെ മേൽനോട്ട ചുമതലയുള്ള ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിലെ ചില മുതിർന്ന ഭാരവാഹികളും രാജിവെച്ചിരുന്നു.
അന്വേഷണത്തിനിടെ വ്യാജ വിഐപി പാസുകൾ നിർമ്മിച്ച് പണം ഈടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റൽ ഐഡി സംവിധാനം ദുരുപയോഗം ചെയ്ത് നിരവധി വ്യാജ പാസുകൾ തയ്യാറാക്കിയെന്ന ആരോപണത്തിൽ അന്വേഷണം തുടരുകയാണ്. വ്യാജ സംഭാവന രസീതുകൾ നൽകിയ സംഭവവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.



