ചെന്നൈ: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പ്രവർത്തകർ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി തമിഴ്നാട് സർക്കാർ. സ്കൂളുകൾ പഠനത്തിനുള്ള ഇടങ്ങളാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ളതല്ലെന്നും വ്യക്തമാക്കി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ. രാജ്മോഹൻ സർക്കുലർ പുറത്തിറക്കി.
സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമേ സ്കൂളുകളിലും ക്ലാസ് മുറികളിലും പ്രവേശനം അനുവദിക്കൂ എന്നാണ് സർക്കുലറിലെ നിർദേശം. രാഷ്ട്രീയ പാർട്ടി പ്രവർത്തകർ സ്കൂളുകളിൽ പ്രവേശിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
സ്കൂളുകളിലും ക്ലാസ് മുറികളിലും രാഷ്ട്രീയ നേതാക്കളുടെ ജന്മദിന ആഘോഷങ്ങൾ നടത്തുന്നതിനും വിലക്കേർപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തുന്ന എല്ലാ പരിപാടികളും നിഷ്പക്ഷതയും വിദ്യാഭ്യാസപരമായ പ്രാധാന്യവും പാലിച്ചായിരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കി.
സ്കൂളുകളെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് മാറ്റിനിർത്തുകയാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്ന് സർക്കാർ അറിയിച്ചു. വിദ്യാർത്ഥികളെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് അകറ്റിനിർത്താൻ രക്ഷിതാക്കളും രാഷ്ട്രീയ നേതാക്കളും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അടുത്തിടെ സർക്കാർ സ്കൂളിലെ സന്ദർശനത്തിനിടെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെക്കുറിച്ച് വ്യവസായ മന്ത്രി നടത്തിയ പരാമർശം വിവാദമായിരുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥികളെ രാഷ്ട്രീയ വിഷയങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു.
അതേസമയം, ടിവികെ പ്രവർത്തകർ ഒരു സ്കൂളിൽ പ്രവേശിച്ച് ക്ലാസ് തടസ്സപ്പെടുത്തിയ സംഭവവും വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ചിത്രം ക്ലാസ് മുറിയിൽ എത്തിച്ച് വിദ്യാർത്ഥികളോട് ചോദ്യങ്ങൾ ചോദിച്ച സംഭവം സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായി.




