മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെതിരെ ബയേണ്‍ മ്യൂണിക്കിന് ആവേശകരമായ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ബയേണ്‍ ജയം സ്വന്തമാക്കിയത്. ഇതോടെ റയലിനോട് ഏറ്റുമുട്ടിയ അവസാന ഒന്‍പത് മത്സരങ്ങളില്‍ ജയമറിയാതിരുന്ന ബയേണ്‍ വിജയം രുചിച്ചു.
കളിയുടെ 41-ാം മിനിറ്റില്‍ ബയേണിനായി ലൂയിസ് ഡയസ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ സെക്കന്‍ഡുകള്‍ക്കപ്പുറം ഹാരി കെയ്ന്‍ ലീഡുയര്‍ത്തി. 74-ാം മിനിറ്റില്‍ എംബാപ്പെയാണ് റയലിന്റെ ആശ്വാസ ഗോള്‍ നേടിയത്.
ക്വാര്‍ട്ടര്‍ ഫൈനലിലെ മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ സ്‌പോര്‍ട്ടിങ്ങിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായി അവരുടെ ജയം. ആഴ്സണലിനായി കായ് ഹാവെര്‍ട്‌സാണ് ഗോള്‍ നേടിയത്. ഇതോടെ രണ്ട് പാദങ്ങളുള്ള പോരാട്ടത്തില്‍ ബയേണും ആഴ്സണലും മുന്നിലെത്തി.




