ബെംഗളൂരു: ദസറയ്ക്ക് തൊട്ടുമുൻപ് ബെംഗളൂരുവിലെ പുലികേശി നഗറിൽ നടന്ന സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധമില്ലെന്ന് കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം. വ്യക്തിവൈരാഗ്യമാണ് സ്ഫോടനത്തിന് പിന്നിലെന്നും വിവാഹം മുടക്കിയതിലുള്ള വിരോധം തീർക്കാനാണ് പ്രതികൾ കൃത്യം നടത്തിയതെന്നും പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു. സംഭവത്തിൽ അസം സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചാറ്റ്‌ജിപിടിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് പ്രതികൾ സ്ഫോടക ഉപകരണം നിർമിച്ചതെന്ന കണ്ടെത്തലും അന്വേഷണ സംഘത്തെ ഞെട്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ദസറ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ബെംഗളൂരുവിലെ പുലികേശി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന് സമീപം ശക്തമായ സ്ഫോടനമുണ്ടായത്. ഐ.ഇ.ഡി അഥവാ തദ്ദേശീയമായി നിർമിച്ച സ്ഫോടക ഉപകരണമാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായതോടെ ഭീകരവിരുദ്ധ സേനയും ദേശീയ അന്വേഷണ ഏജൻസിയും ഉൾപ്പെടെയുള്ള സംഘങ്ങൾ അന്വേഷണം ആരംഭിച്ചു. തീവ്രവാദ ബന്ധമുണ്ടെന്ന സംശയവും ഉയർന്നതോടെ കർണാടക പൊലീസും വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജിതമാക്കി.
ഒടുവിൽ അസം സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്. അസമിലെ ധീനത്പൂർ സ്വദേശിയായ സാഹിദ് ഉൾ ഹുസൈൻ ബാർബിയ, ഇയാളുടെ ബന്ധുക്കളായ സാജുദുൽ ഇസ്ലാം ലസ്കർ, ബുർഹാൻ അഹമ്മദ് ബാർബിയ എന്നിവരാണ് അറസ്റ്റിലായത്.
ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനായ അലാവുദ്ദീനോടുള്ള വ്യക്തിവൈരാഗ്യമാണ് സ്ഫോടനത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. അലാവുദ്ദീൻ കാരണം വിവാഹം മുടങ്ങിയതിലുള്ള വിരോധവും നാട്ടിൽവെച്ചുണ്ടായ വസ്തുതർക്കവും പ്രതിയുടെ പകയ്ക്ക് കാരണമായെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കളായ രണ്ടുപേരുടെ സഹായത്തോടെ സാഹിദ് ഉൾ ഹുസൈൻ ടോർച്ചിനുള്ളിൽ ഘടിപ്പിക്കാവുന്ന ഐ.ഇ.ഡി നിർമിക്കുകയായിരുന്നു. ചാറ്റ്‌ജിപിടിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് സ്ഫോടക ഉപകരണം നിർമിച്ചതെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
പിന്നീട് ബസ് മാർഗം സ്ഫോടക ഉപകരണം ബെംഗളൂരുവിലെത്തിച്ച് പുലികേശി നഗറിലെ നിർമാണത്തിലിരുന്ന കെട്ടിടത്തിന് മുന്നിൽ ഉപേക്ഷിച്ചു. തുടർന്ന് അലാവുദ്ദീനെ ഫോണിൽ വിളിച്ച് പാഴ്സൽ എത്തിയിട്ടുണ്ടെന്ന് അറിയിച്ചു. അലാവുദ്ദീൻ, കെട്ടിടത്തിലെ പെയിന്ററായ സൂരജിന്റെ സഹായത്തോടെ പെട്ടി തുറക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനം നടന്ന് 72 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാനും തീവ്രവാദ ബന്ധമില്ലെന്ന് കണ്ടെത്താനും കഴിഞ്ഞത് ബെംഗളൂരു പൊലീസിന്റെ അന്വേഷണത്തിലെ നിർണായക നേട്ടമാണ്. എന്നാൽ, ഐ.ഇ.ഡി നിർമിച്ചതും അത് ബസിൽ നഗരത്തിലെത്തിച്ചതും ഗൗരവമായ സുരക്ഷാ ആശങ്കകൾ ഉയർത്തുന്നുണ്ട്. യാത്രയ്ക്കിടയിലോ മറ്റേതെങ്കിലും ഘട്ടത്തിലോ സ്ഫോടനം നടന്നിരുന്നെങ്കിൽ വലിയ ദുരന്തമുണ്ടാകുമായിരുന്നുവെന്ന ആശങ്കയും അന്വേഷണ സംഘത്തിനുണ്ട്.



