കോട്ടയം: മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകള്‍ നവമിയെ ഇന്ന് തുടര്‍ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.നവമിയുടെ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലെത്തിയപ്പോഴാണ് ശുചിമുറി കെട്ടിടം തകര്‍ന്ന് വീണ് അപകടമുണ്ടായത്.
അതേസമയം ആരോഗ്യവകുപ്പിനെതിരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം. വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ഇന്നും സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.പത്തനംതിട്ടയിലെ വീണ ജോര്‍ജിന്റെ വീടും, തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയും, ഓഫീസും കേന്ദ്രീകരിച്ചാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്.സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല തകര്‍ച്ചയിലെന്നാരോപിച്ചാണ് പ്രതിഷേധം.




