തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനം സംബന്ധിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തി ബിജെപി. അഞ്ച് മുതൽ ഏഴ് സീറ്റുകൾ വരെ വിജയം നേടാനാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, കാട്ടാക്കട മണ്ഡലങ്ങളിൽ വിജയിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ തൃശ്ശൂർ, തിരുവല്ല, തിരുവനന്തപുരം മണ്ഡലങ്ങളിൽ അട്ടിമറി വിജയസാധ്യതയും പാർട്ടി കണക്കുകൂട്ടുന്നു.
ബൂത്ത് തലത്തിലെ കണക്കുകൾ നേരിട്ട് വിലയിരുത്താൻ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന ഭാരവാഹികൾ ഉൾപ്പെട്ട സമിതി ജില്ലകളിലെത്തി വിശദമായ വിവരശേഖരണം നടത്തും.
ക്രൈസ്തവ സഭകളെ വിമർശിച്ചതിനെ തുടർന്ന് ഷോൺ ജോർജിനെതിരെ കോർ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. എന്നാൽ, സഭയെയോ സഭാ നേതൃത്വത്തെയോ ലക്ഷ്യമാക്കിയല്ല, കോൺഗ്രസ് അനുകൂല നിലപാട് എടുത്ത ദീപിക പത്രത്തെയാണ് വിമർശിച്ചതെന്ന് ഷോൺ വ്യക്തമാക്കി. സഭാ നേതൃത്വത്തിനെതിരെ താത്കാലികമായി പരസ്യ വിമർശനങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാന നേതൃത്വം നിർദേശം നൽകി.
ഇതിനിടെ, ശോഭാ സുരേന്ദ്രനെതിരെ നടപടി വേണമെന്ന ആവശ്യം കോർ കമ്മിറ്റിയിൽ ഉയർന്നു. ശോഭാ സുരേന്ദ്രന്റേതായി പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമനെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ തനിക്ക് പൊതുസമൂഹത്തിനും കുടുംബത്തിനും മുന്നിൽ നാണക്കേടുണ്ടാക്കിയതായാണ് അദ്ദേഹം ആരോപിച്ചത്.




