കൊച്ചി : പ്രമുഖ ഗാന്ധിയനും സ്വന്തന്ത്രസമര സേനാനിയുമായിരുന്ന വിആര്‍ കൃഷ്ണനെഴുത്തച്ഛന്റെ ഇരുപത്തിയൊന്നാം ചരമ വാര്‍ഷിക ദിനം ‘ഏറ്റെടുത്ത്’ ബിജെപി. കൃഷ്ണനെഴുത്തച്ഛന്റെ ചരമവാർഷിക ദിനത്തിൽ അവണിശ്ശേരിയിലുള്ള ഇദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ബിജെപി ജില്ലാ നേതാക്കളും പ്രവര്‍ത്തകരും എത്തി പുഷ്പാര്‍ച്ചന നടത്തിയത്.
അതേസമയം കോൺഗ്രസ് നേതാവ് വി എം സുധീരന്റെ നേതൃത്വത്തിലും ഇദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. 21 വർഷത്തിനിടെ ആദ്യമായാണ് ബിജെപി അദ്ദേഹത്തെ അനുസ്മരിക്കാനെത്തിയത്. അടുത്തിടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്ന ഏക മലയാളി ചേറ്റൂര്‍ ശങ്കരന്‍നായരുടെ ചരമദിനത്തില്‍ അദ്ദേഹത്തെ ബിജെപി അനുസ്മരിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഇപ്പോൾ കൃഷ്ണനെഴുത്തച്ഛന്റെ ചരമ വാർഷികത്തിലും അനുസ്മരണയുമായി ബിജെപി എത്തിയത്






