കോഴിക്കോട്: ഇസ്രയേലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബ്ലേഡ് മാഫിയയുടെ ഇടപെടലെന്ന് ആരോപണം. രേഷ്മയുടെ മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയ ഉണ്ടായിരിക്കാമെന്ന് താമരശ്ശേരി സ്വദേശി ശ്രീഹരി പറയുന്നു. ശ്രീഹരി തന്റെ താമസസ്ഥലമായ ചപ്പങ്ങാത്തോട്ടിലെ ശ്രീഹരി ഹോട്ടൽ ഉടമയാണ് ശ്രീഹരി.
മാധ്യമങ്ങൾക്ക് മുൻപിൽ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തവെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ‘ഇസ്രയേലിലേക്ക് പോകുന്നതിന് മൂന്നു മാസം മുൻപ് കഴിഞ്ഞ വർഷം ആദ്യമാണ് ജിനേഷ് രേഷ്മയ്‌ക്കൊപ്പം എന്നെ കാണാൻ വന്നത്. ബീനാച്ചി സ്വദേശികളും ഞാനുമായി കേസ് നിലനിൽക്കുന്നത് അറിഞ്ഞാണ് അവർ അന്വേഷിച്ച് താമരശ്ശേരിയിലെത്തിയത്.
എന്റെ ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. അതിന് ഒരാഴ്ചമുൻപ് ബ്ലേഡ് മാഫിയ ഇരുവരെയും വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയും ജിനേഷിനെ ക്രൂരമായി മർദിക്കുകയും ചെയ്തതായി രേഷ്മ പറഞ്ഞു. തടയാൻശ്രമിക്കവെ രേഷ്മയുടെ കൈയ്ക്കും പരിക്കേറ്റു. വാഹനത്തിൽനിന്ന് ചാടുമെന്ന് രേഷ്മ പറഞ്ഞതോടെയാണ് സംഘം ജിനേഷിനെ വിട്ടയച്ചത്. രേഷ്മയുടെ മരണത്തിനുപിന്നിൽ ഈ സംഘത്തിന്റെ ഭീഷണിയുണ്ടാവാൻ സാധ്യതയുണ്ട്. രേഷ്മ മരിച്ച വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ ഞാൻ വീട്ടിൽപ്പോയി ബന്ധുക്കളെ കണ്ട് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു.’ -ശ്രീഹരി പറഞ്ഞു.
തന്റെ സുഹൃത്ത് നിലമ്പൂർ സ്വദേശി ജുമാനുമായി നടന്ന പണമിടപാടുമായി ബന്ധപ്പെട്ട് തന്റെ ഭാര്യയുടെ പേരിലുള്ള മാരുതി ബ്രസ കാർ ബ്ലേഡ് മാഫിയ അഞ്ചുവർഷം മുൻപ് അന്യായമായി പിടിച്ചെടുത്തിരുന്നെന്നും ശ്രീഹരി വെളിപ്പെടുത്തി. കാർ വീണ്ടെടുക്കാൻ നിയമനടപടികൾ സ്വീകരിക്കുമ്പോൾ മാഫിയ അംഗങ്ങൾ ഭീഷണി ഏർപ്പെടുത്തി.
“വയനാട്ടിലേക്ക് നിയമ നടപടിക്കായി വരുന്നുണ്ടെങ്കിൽ അപായപ്പെടുത്തും” എന്ന തരത്തിൽ ഭീഷണിപ്പെടുത്തിയ ഫോൺവിളിയുടെ ശബ്ദരേഖയും ശ്രീഹരി പുറത്തുവിട്ടു. അതേസമയം, രേഷ്മയുടെ മരണത്തിന് ശേഷം, ബ്ലേഡ് സംഘത്തിന്റെ ആളുകൾ അഭിഭാഷകന്റെ മുഖേന മധ്യസ്ഥ ചർച്ചയ്ക്ക് സമീപിച്ചതായും ശ്രീഹരി വ്യക്തമാക്കി.










