രജൗരി: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഉണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ നാല് ജവാന്മാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച നൗഷേരാ മേഖലയിലെ കലാൽ പ്രദേശത്ത് പട്രോളിങ്ങിനിടെയാണ് അപകടമുണ്ടായത്.
കുമാഓങ് റെജിമെന്റിലെ സംഘം നിരീക്ഷണവും സുരക്ഷാ ഡ്യൂട്ടിയും നിര്‍വഹിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സൈനികർ തന്നെ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ ജവാന്മാരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി, നിലവിൽ അവർ നിരീക്ഷണത്തിലാണ്.
എങ്ങനെയാണ് കുഴിബോംബ് സ്‌ഫോടനം ഉണ്ടായതെന്ന കാര്യത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നതിനിടെയിലും ഇത്തരം അപകടങ്ങൾ സംഭവിക്കാറുണ്ടെന്നും, ചിലപ്പോൾ മഴയിൽ ഒഴുകിയെത്തുന്ന മൈനുകൾ അപകടങ്ങൾക്ക് കാരണമാകാറുണ്ടെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ആഴ്ച കശ്മീരിലെ ബരാമുള്ള ജില്ലയിലെ ഉറി സെക്ടറിൽ ഉണ്ടായ അപ്രതീക്ഷിത സ്‌ഫോടനത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു.കമാല്‍കോട്ടിലേക്ക് സൈനിക ഉപകരണങ്ങള്‍ കൈമാറുന്നതിന് ഇടയിലായിരുന്നു സ്‌ഫോടനം. മഹാരാഷ്ട്ര സ്വദേശികളായ വിക്രം ബാലകൃഷ്ണ, അര്‍ജുന്‍ ജാദവ് രവീന്ദ്ര എന്നിവരാണ് സ്‌ഫോടനത്തില്‍ വീരമൃത്യു വരിച്ചത്.






