താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ അതിവേഗത്തിൽ പാഞ്ഞ ആഡംബര കാർ ഡിവൈഡറിൽ ഇടിച്ച് തകർന്നുണ്ടായ അപകടത്തിൽ യുവതി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബദ്‌ലാപൂരിന് സമീപം ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.
അമിതവേഗത്തിൽ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാർ റോഡ് ഡിവൈഡറിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് പലതവണ തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം അപകടസമയത്ത് വാഹനം മണിക്കൂറിൽ ഏകദേശം 250 കിലോമീറ്റർ വേഗതയിലായിരുന്നു.
അപകടത്തിൽ 26-കാരനായ യോഗേഷ് നേഗിയും 24-കാരിയായ റെബേക്ക ജേക്കബും മരണപ്പെട്ടു. കാർ ഓടിച്ചിരുന്ന അംഗദ് ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് ശേഷം ലേറ്റ് നൈറ്റ് ഡ്രൈവിനായി പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. മുംബൈ-വഡോദര ഹൈവേയ്ക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൃതദേഹങ്ങളുടെ ഭാഗങ്ങളും വാഹനത്തിന്റെ എൻജിൻ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങളും റോഡിൽ ചിതറിക്കിടന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പുലർച്ചെ രണ്ട് മുതൽ മൂന്ന് മണിവരെ വാഹനം അതിവേഗത്തിൽ ഹൈവേയിലൂടെ പായുന്നത് കണ്ടതായി പ്രദേശവാസികളും വ്യക്തമാക്കി.
അമിതവേഗതയും റോഡിലെ അപകടകരമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടസമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നോയെന്ന കാര്യത്തിൽ ചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അംഗദിന്റെ ആരോഗ്യനില ഗുരുതരമായതിനാൽ ഇതുവരെ മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.






