കൊല്ലം: മൊസാംബിക്കിൽ ഉണ്ടായ ബോട്ട് അപകടത്തിൽ കൊല്ലം സ്വദേശിയെയും കാണാതായി. തേവലക്കര സ്വദേശിയായ ശ്രീരാഗ് രാധാകൃഷ്ണനാണ് കാണാതായത്. സ്കോർപിയോ മറൈൻ കമ്പനിയിൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അപകടത്തെക്കുറിച്ച് എംബസിയും കമ്പനിയും ബന്ധുക്കളെ വിവരം അറിയിച്ചു.
മൊസാംബിക്കിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ അഞ്ച് ഇന്ത്യാക്കാരെക്കായി തെരച്ചിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായവരിൽ എറണാകുളം പിറവം സ്വദേശിയും ഉൾപ്പെടുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. പിറവത്തെ ബന്ധുക്കൾക്കും വിവരം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു. മലയാളിയടക്കം അഞ്ച് പേർ ഇപ്പോഴും കാണാതായിരിക്കുകയാണ്. രണ്ടുപേരുടെ നില ഗുരുതരമാണ്. ആകെ 21 പേരാണ് ബോട്ടിലുണ്ടായിരുന്നത്, ഇതിൽ 14 പേർ സുരക്ഷിതരാണ്. ഇന്ത്യൻ ജീവനക്കാരെ എം.ടി. സീ ക്വസ്റ്റ് എന്ന കപ്പലിലേക്കു കൊണ്ടുപോകുന്നതിനിടെ ലോഞ്ച് ബോട്ട് മുങ്ങിയതാണ് അപകടത്തിന് കാരണം. രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്.






