കാസർകോട്: കാസർകോട് ബോവിക്കാനം കാട്ടിപ്പള്ളത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിപ്പള്ളത്തെ കെ. മൊയ്തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. സംഭവത്തിൽ ആദൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഹൈദർ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞുകിടക്കുന്നത് സുഹൃത്താണ് ആദ്യം കണ്ടത്. തുടർന്ന് ഹൈദറിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ആദൂർ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ നായാട്ടിന് ഉപയോഗിക്കുന്ന തരത്തിലുള്ള തോക്ക് കണ്ടെത്തി. ഹൈദറിന്റെ കവിളിൽ വെടിയേറ്റതായും പരിശോധനയിൽ വ്യക്തമായി. വെടിയേറ്റതാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വിദേശത്തായിരുന്ന ഹൈദർ അലി അവധിക്കായി നാട്ടിലെത്തിയതായിരുന്നു. നായാട്ടിനായി പുറപ്പെട്ടതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. നായാട്ടിന് ഉപയോഗിക്കുന്ന തോക്കിൽ മുഴുവൻ തിരകളും നിറച്ചിരുന്നതായാണ് പൊലീസിന്റെ വിവരം.
മൃതശരീരം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.


