കൊല്ലം: വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നവവരന്റെ പിതാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. വധുവിന്റെ ബന്ധുവും സുഹൃത്തുക്കളും ചേർന്നാണ് 59കാരനായ ജോണിയെ തട്ടിക്കൊണ്ടുപോയത്. പൊലീസ് പിന്തുടർന്ന് വാഹനം തടഞ്ഞാണ് ഇയാളെ മോചിപ്പിച്ചത്.
ഇളമാട് കോട്ടയ്ക്കവിള ഗീതുവിലാസത്തിൽ ജോണിയെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. വീട്ടിലെത്തിയ സംഘം ജോണിയെ മർദിച്ച് അവശനാക്കിയ ശേഷം ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം നടന്നത്.
വധുവിന്റെ ബന്ധുവായ കടയ്ക്കൽ പുലിപ്പാറ സ്വദേശി അർജുൻ (29), സുഹൃത്തുക്കളായ ആസിഫ് (27), വിഷ്ണു (38), ആദർശ് (29) എന്നിവരാണ് അറസ്റ്റിലായത്. പൂയപ്പള്ളി പൊലീസ് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അർജുന്റെ ബന്ധുവായ യുവതി ജോണിയുടെ മകനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. വിദേശത്തായിരുന്ന അർജുൻ ഈ മാസം 11നാണ് നാട്ടിലെത്തിയത്.
തുടർന്ന് സുഹൃത്തുക്കളുമായി ജോണിയുടെ വീട്ടിലെത്തിയ അർജുൻ മകനെ അന്വേഷിച്ചു. എന്നാൽ ജോണിയുടെ മകനും നവവധുവും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നില്ല. ഇതോടെ ജോണിയെ ഭീഷണിപ്പെടുത്തി സംഘം മടങ്ങി. രാത്രി പത്തരയോടെ വീണ്ടും വീട്ടിലെത്തിയ സംഘം ജോണിയെ മർദിച്ച ശേഷം ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോയി. ബഹളം കേട്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
ആദ്യം ഓയൂർ ചെങ്കൂരിലെ ഒരു വീട്ടിലേക്കാണ് ജോണിയെ കൊണ്ടുപോയത്. പിന്നീട് മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെ പൂയപ്പള്ളി പൊലീസ് വാഹനം പിന്തുടർന്ന് തടഞ്ഞു. തുടർന്ന് ജോണിയെ മോചിപ്പിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു.


