തൃശ്ശൂർ: ഗുരുവായൂർ ബ്രഹ്മകുളത്ത് എസ്.എഫ്.ഐ പ്രവർത്തകൻ ഫാസിൽ കൊല്ലപ്പെട്ട കേസിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരായ മുഴുവൻ പ്രതികളെയും തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. 15 പ്രതികൾ ഉൾപ്പെട്ട കേസിൽ ഒരാൾ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ബാക്കി 14 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. 2017-ൽ വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്ന ഫാസിലിനെ ആർഎസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് നാല് ദൃക്‌സാക്ഷികളുൾപ്പെടെ 38 സാക്ഷികളെ വിസ്തരിക്കുകയും 131 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നുവെങ്കിലും, പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കോടതി മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്.
തൈക്കാട് ബ്രഹ്മകുളം ചേറാടി സുമേഷ് (29), ചക്കണ്ട ശിവദാസൻ (24), പുതുമനശേരി ബിനോയ് (31), കോറോട്ട് സുധീഷ് (27), മാടമ്പാറ വിശ്വൻ (28), കൈതക്കാട്ട് വിപിൻദാസ് (26), വിളക്കത്തല ശ്രീകണ്ഠൻ (33), വിളക്കത്തല സുരേഷ് കുമാർ (ശ്രീജിത്ത് – 28), പാണ്ഡാരിക്കൽ കുന്നുമ്മേൽ സനോജ് (26), പട്ടിക്കാട് വിഷ്ണു (സുത്തുമണി – 20), കുരുവള്ളിപ്പറമ്പിൽ പ്രദീപ് (19), മണിയൻതറ നീരജ് (24), എങ്ങടി ശ്രീകുമാർ (20), പുതുമനശേരി ശാന്തീപ് (30) എന്നിവരെയാണ് വെറുതെ വിട്ടത്.പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി.എസ്. ഈശ്വരൻ, അഡ്വ. ടി.സി. കൃഷ്ണൻ നാരായണൻ, അഡ്വ. അക്ഷയ് ബാബുരാജ്, അഡ്വ. കെ. സജിത്ത് എന്നിവർ ഹാജരായി.






