തിരുവനന്തപുരം: വീടിന് മുന്നിൽ ബൈക്ക് പാർക്ക് ചെയ്തതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ അയൽവാസികളായ സഹോദരങ്ങൾ അറസ്റ്റിൽ. തിരുമല സ്വദേശിയായ യുവാവിനെയാണ് ആക്രമിച്ചത്. തൈക്കാട് കുഞ്ചാലുംമൂട് സ്വദേശികളായ മുഹമ്മദ് സഫർ (23), മുഹമ്മദ് സഫൻ (21) എന്നിവരെയാണ് കരമന പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇരുമ്പുവടി ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ യുവാവിന്റെ ഇരുപുരികങ്ങളുടെ വശങ്ങളിലും കാൽവിരലുകളിലും ഗുരുതര പരിക്കേറ്റു. മകനെ രക്ഷിക്കാൻ ശ്രമിച്ച യുവാവിന്റെ മാതാപിതാക്കളെയും പ്രതികൾ ഉപദ്രവിച്ചതായി പൊലീസ് അറിയിച്ചു.
പരിക്കേറ്റ യുവാവ് പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് സഫർ മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണെന്നും 2020-ൽ കരമന പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആക്രമണക്കേസിലും ഇയാൾ പ്രതിയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.








