ഹൈദരാബാദ്: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകിയ സംഭവത്തിൽ തെലങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് നീലം മധു മുദിരാജിനെതിരെ പൊലീസ് കേസെടുത്തു. സംഗറെഡ്ഡി ജില്ലയിലെ ചിത്കുൽ ഗ്രാമത്തിൽ ഓഗസ്റ്റ് അഞ്ചിന് നടന്ന ബോണാലു ഉത്സവത്തിനിടെയാണ് മൃഗബലി നടന്നത്.
ഉത്സവ ഘോഷയാത്രയ്ക്ക് ശേഷം പ്രദേശത്തെ പ്രതിഷ്ഠയ്ക്ക് മുന്നിൽ പോത്തിനെ ബലി നൽകിയെന്നാണ് റിപ്പോർട്ട്. പോത്തിനെ ഘോഷയാത്രയായി കൊണ്ടുപോയി ദേവതയ്ക്ക് മുന്നിൽ ബലി നൽകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മൃഗസംരക്ഷണ പ്രവർത്തകൻ അദുലാപുരം ഗൗതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പടഞ്ചെരു പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളും മറ്റ് തെളിവുകളും പരാതിക്കൊപ്പം പൊലീസ് പരിശോധിക്കുന്നുണ്ട്.
മൃഗങ്ങളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 325 പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന വകുപ്പാണിത്.
പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളും മറ്റ് അനുബന്ധ തെളിവുകളും പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പടഞ്ചെരു പൊലീസ് അറിയിച്ചു.
നീലം മധു മുദിരാജ് തെലങ്കാനയിലെ പ്രമുഖ കോൺഗ്രസ് നേതാവാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായും അദ്ദേഹം മത്സരിച്ചിരുന്നു.



