കൊല്ലം: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറും ഓട്ടോയിൽ യാത്ര ചെയ്തിരുന്ന രണ്ടു പെൺകുട്ടികളുമാണ് മരിച്ചത്.
കരവാളൂർ നീലമ്മാൾ പള്ളിവടക്കതിൽ വീട്ടിൽ ശ്രുതി ലക്ഷ്മി, തഴമേൽ ചൂരക്കുളം ജയജ്യോതി ഭവനിൽ ജ്യോതിലക്ഷ്മി, ഓട്ടോ ഡ്രൈവർ തഴമേൽ ചൂരക്കുളം അക്ഷയ് ഭവനിൽ അക്ഷയ് എന്നിവരാണ് മരിച്ചവർ.
അഞ്ചൽ–പുനലൂർ പാതയിലെ മാവിളയിൽ രാത്രി ഏകദേശം ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് പുനലൂരിൽ നിന്ന് അഞ്ചലിലേക്ക് മടങ്ങുകയായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശികൾ സഞ്ചരിച്ച ബസും, അഞ്ചലിൽ നിന്ന് പുനലൂരിലേക്ക് പോയുകൊണ്ടിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.
ജ്യോതിലക്ഷ്മിയും ശ്രുതി ലക്ഷ്മിയും ബന്ധുക്കളായിരുന്നു. ചൂരക്കുളത്തിലെ ജ്യോതിലക്ഷ്മിയുടെ വീട്ടിൽ നിന്ന് കരവാളൂരിലെ ശ്രുതിലക്ഷ്മിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. അക്ഷയ് അപകടസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ശ്രുതിലക്ഷ്മിയെയും ജ്യോതിലക്ഷ്മിയെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോറിക്ഷ അപകടത്തിൽ പൂർണമായും തകർന്നു.




