മുംബൈ: ഞായറാഴ്ച പുലർച്ചെ മുംബൈ-വഡോദര ഹൈവേയിൽ ഉണ്ടായ കാറപകടത്തിൽ മരിച്ചവരിൽ ഒരാൾ മുംബൈയിൽ ജനിച്ചുവളർന്ന മലയാളി യുവതിയാണെന്ന് സ്ഥിരീകരിച്ചു. കോട്ടയത്ത് തറവാടുവീടുള്ള റെബേക്ക ജേക്കബ് (24) ആണ് മരിച്ചത്. അപകടത്തിൽ യോഗേഷ് ദിഘേ (24) എന്ന യുവാവും മരണപ്പെട്ടു.
മുംബൈയിലെ ഖാർ സ്വദേശിനിയായ റെബേക്ക ജന്മദിനാഘോഷത്തിനായി സുഹൃത്തുക്കൾക്കൊപ്പം യാത്രതിരിച്ചതായിരുന്നു. എംബിഎ ബിരുദധാരിയായ റെബേക്കയുടെ സംസ്കാരം ചൊവ്വാഴ്ച സെവ്രി സെമിത്തേരിയിൽ നടക്കും.
ബദ്ലാപുരിന് സമീപം മുംബൈ-വഡോദര ഹൈവേയിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചശേഷം മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ പരിക്കേറ്റ ആനന്ദ് താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്ന നിലയിലായിരുന്നു. വലിയ ശബ്ദം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ചേർന്നാണ് അധികൃതരെ വിവരം അറിയിച്ചതും രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതും.






