ബെംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡികൾ കൈവശം വെച്ചെന്ന കേസിൽ നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കോടതി മൂന്ന് സമൻസുകൾ അയച്ചിട്ടു ഹാജരാകാത്തതിനെ തുടർന്നാണ് നടപടി.
ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടർ ഐഡികളുണ്ടെന്നാണ് ശേഷാദ്രിപുരം സ്വദേശി അഡ്വ. കെ. ദിലീപ് കുമാർ നൽകിയ പരാതിയിലെ പ്രധാന ആരോപണം. വേളാച്ചേരിയിൽ അദ്ദേഹത്തിന് രണ്ട് വോട്ടർ ഉണ്ടെന്നും പരാതിയിൽ പറയുന്നു.
ഇന്ത്യൻ തിരഞ്ഞെടുപ്പ് നിയമപ്രകാരം ഒരു പൗരന് ഒരിടത്ത് മാത്രമേ വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാനും വോട്ടർ ഐഡി കൈവശം വെക്കാനും അനുമതിയുള്ളു. ഈ വ്യവസ്ഥ ലംഘിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം.
ഹലാസൂരു ഗേറ്റ് പൊലീസ് സ്റ്റേഷനിലും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് കുമാർ സ്വകാര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. കേസിൽ നേരത്തെ രണ്ടുതവണ സമൻസ് അയച്ചിട്ടും പ്രകാശ് രാജ് ഹാജരായിരുന്നില്ല. തുടർന്ന് വീണ്ടും സമൻസ് നൽകിയെങ്കിലും കോടതി നിർദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിലാണ് ജഡ്ജി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.
അതേസമയം, ധർമസ്ഥല വിവാദവുമായി ബന്ധപ്പെട്ട് ജൂൺ 18-ന് പ്രകാശ് രാജ് ബെംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിന് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നുവെങ്കിലും അന്ന് സമൻസ് കൈമാറാത്തതിനെതിരെ പോലീസിനെതിരെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.






