കൊല്ലം: കൊല്ലം ജില്ലയിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ ഡ്രൈവർ അറസ്റ്റിൽ. കടയ്ക്കലിലാണ് സംഭവം. തിരുവനന്തപുരം വെള്ളനൂർ സ്വദേശിയായ ജയകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്.
മടത്തറ മുതൽ കടയ്ക്കൽ വരെ അമിതവേഗത്തിൽ വാഹനം ഓടിച്ച ഇയാൾ വഴിയിലുള്ള നിരവധി വാഹനങ്ങളെ ഇടിച്ച് കടന്നുപോയി. സംഭവം കണ്ട നാട്ടുകാർ ചേർന്ന് വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി ജയകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു. ഇയാൾ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു.




