ബെംഗളൂരു: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധങ്ങൾ വിജയ് നായകനായ ജനനായകൻ സിനിമയുടെ കര്‍ണാടകത്തിലെ പ്രദർശനത്തെയും ബാധിച്ചു. മാണ്ഡ്യ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ ചിത്രത്തിന്റെ പ്രദർശനം പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ടു.
കാവേരി ജല നിയന്ത്രണ അതോറിറ്റി 15 ദിവസത്തേക്ക് തമിഴ്നാടിന് 3,500 ക്യൂസെക്സ് ജലം വിട്ടുനൽകാൻ കര്‍ണാടകത്തോട് നിർദേശിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. മാണ്ഡ്യയിലെ ഗുരുശ്രീ തിയറ്ററിന് മുന്നിൽ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കുകയും ചിത്രത്തിന്റെ പോസ്റ്ററുകളും ഫ്ലെക്സുകളും നശിപ്പിക്കുകയും ചെയ്തു. ചിലർ തിയറ്ററിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. തുടർന്ന് തിയറ്റർ മാനേജ്മെന്റ് നിശ്ചയിച്ചിരുന്ന മറ്റ് ഷോകൾ റദ്ദാക്കി. ബെംഗളൂരു, മൈസൂരു ഉൾപ്പെടെ വിവിധ ഭാഗങ്ങളിലും ചിത്രത്തിനെതിരെ പ്രതിഷേധം തുടരുകയാണ്.
അതേസമയം, വിജയ് നടത്താനിരിക്കുന്ന കര്‍ണാടക സന്ദർശനത്തിനെതിരെയും തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തിൽ നേരിട്ടുള്ള ചർച്ചകൾക്ക് പകരം നിയമപരമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് മുൻ മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ അഭിപ്രായപ്പെട്ടു. സർവകക്ഷിയോഗം വിളിക്കണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ടുവെച്ചിട്ടുണ്ട്. ഓഗസ്റ്റ് 3-ന് കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറുമായി വിജയ് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ജൂലൈ 23-ന് റിലീസ് ചെയ്ത ജനനായകൻ കര്‍ണാടകത്തിൽ നിന്ന് മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടിയിട്ടുണ്ട്. ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം എട്ട് ദിവസത്തിനിടെ ചിത്രം സംസ്ഥാനത്ത് നിന്ന് 28.60 കോടി രൂപ സ്വന്തമാക്കി. ആഗോള ബോക്സ് ഓഫീസിൽ 275 കോടി രൂപയ്ക്കുമേൽ കളക്ഷൻ നേടി ചിത്രം മുന്നേറുകയാണ്. വിജയിയുടെ കരിയറിലെ അവസാന സിനിമ എന്ന വിശേഷണത്തോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്.












