തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന് പുതിയ ആസ്ഥാനമന്ദിരം നിർമിക്കാൻ പദ്ധതി ഒരുങ്ങുന്നു. നിലവിലെ കോർപ്പറേഷൻ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമിക്കാനാണ് തീരുമാനം. 6 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള നാലുനില കെട്ടിടമാണ് നിർമിക്കുക. പദ്ധതിയുടെ ചർച്ചകൾ ഇപ്പോൾ പ്രാരംഭ ഘട്ടത്തിലാണ്. പുതിയ കെട്ടിടത്തിന് ഏകദേശം 200 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
പുതിയ ആസ്ഥാനമന്ദിരത്തിൽ ലഘുഭക്ഷണശാല, ഓപ്പൺ എയർ ഓഡിറ്റോറിയം, വിവിധ കടകൾ, ഗാലറി, റസ്റ്ററന്റ്, സന്ദർശകർക്ക് ഇരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ എന്നിവ ഒരുക്കും. കൗൺസിലർമാർക്കായി പ്രത്യേക മുറികൾ, മേയറിനും അതിഥികൾക്കുമായി വിശ്രമ മുറികൾ, 200 കൗൺസിലർമാരെ ഉൾക്കൊള്ളാൻ കഴിയുന്ന കൗൺസിൽ ഹാൾ എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും.
നിലവിലെ കോർപ്പറേഷൻ വളപ്പിലുള്ള മൾട്ടിലെവൽ കാർ പാർക്കിങ് മറ്റൊരു സ്ഥലത്തേക്ക് മാറ്റും. 500 കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന സൗകര്യമാണ് പുതിയതായി ഒരുക്കുന്നത്. എസ്.എം.വി സ്കൂളിന് സമീപമായിരുന്നു കോർപ്പറേഷൻ കെട്ടിടം ആദ്യം പ്രവർത്തിച്ചിരുന്നത്. പിന്നീട് മ്യൂസിയം പരിസരത്താണ് നിലവിലെ കെട്ടിടം നിർമിച്ചത്. മുൻ മുഖ്യമന്ത്രി പട്ടം താണുപിള്ളയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. 1966-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കെട്ടിടം ഉദ്ഘാടനം ചെയ്തു.




