കോട്ടയം: ചങ്ങനാശേരി മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. സംസ്ഥാന കായികവകുപ്പ് അനുവദിച്ച അഞ്ചേകാൽ കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയ നവീകരണം. നൂറ്റിപ്പത്ത് മീറ്റർ നീളവും എഴുപതു മീറ്റർ വീതിയുമുള്ള ഗ്രൗണ്ടിൽ ആധുനിക സംവിധാനങ്ങളാണ് ഒരുങ്ങുന്നത്.
പ്രഭാതസവാരിക്കായി പൊതുജനങ്ങൾക്ക് പ്രയോജനപ്രദമാകുന്ന വാക്ക്വേയും ഒരുക്കുന്നുണ്ട്. ഏറെ വർഷങ്ങളായി തകരാറിലായിരുന്ന സ്റ്റേഡിയം നവീകരിക്കുന്നതിലൂടെ സ്കൂൾ,കോളേജ് വിദ്യാർഥികൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് അഡ്വ.ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു. പരമാവധി വേഗത്തിൽ പണികൾ പൂർത്തീകരിച്ച് സ്റ്റേഡിയം തുറന്നുകൊടുക്കുകയാണ് ലക്ഷ്യം.
ദേശീയതല ടൂർണമെന്റുകൾക്ക് അനുയോജ്യമായ എൽഇഡി ഫ്ളഡ്ലിറ്റ് സ്ഥാപിക്കൽ, ഫെൻസിങ് പണികൾ എന്നിവ പൂർത്തീകരിച്ചു. ഇറക്കുമതിചെയ്ത ഗ്രാസാണ് ഗ്രൗണ്ടിലുപയോഗിക്കുന്നത്. നിലവിൽ അത് ഗ്രൗണ്ടിൽ വെച്ചുപിടിപ്പിച്ചുകഴിഞ്ഞു. ഗ്രൗണ്ട് പരിപാലനത്തിനായി സ്പ്രിങ്ളർ സംവിധാനവും, വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാനായി അണ്ടർഗ്രൗണ്ട് വാട്ടർ ടാങ്കും പമ്പ് റൂമും ഒരുക്കിയിട്ടുണ്ട്.
വലിപ്പമുള്ള ഫുട്ബോൾ ഗ്രൗണ്ടിനു പുറമേ മഡ് വോളിബോൾ കോർട്ട്, ക്രിക്കറ്റ് പ്രാക്ടീസ് പിച്ച്, എയർ കണ്ടീഷൻഡ് ഇൻഡോർ ജിം എന്നീ സൗകര്യങ്ങളുമുണ്ട്. ഒരേസമയം രണ്ടായിരത്തിൽപ്പരം കാണികളെ ഉൾക്കൊള്ളിക്കാവുന്ന ഗാലറിയുടെ ടെൻസൈൽ റൂഫിങ്ങിന്റെ പണികളും പുരോഗമിക്കുന്നു.
കളിക്കാർക്ക് വസ്ത്രം മാറുന്നതിനുള്ള മുറിയും സ്ത്രീകൾക്കും പുരുഷന്മാർക്കും ടോയ്ലറ്റ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എംഎൽഎ സ്റ്റേഡിയം സന്ദർശിച്ച് വേണ്ട നിർദേശങ്ങൾ നൽകി.










