കോഴിക്കോട്: കോഴിക്കോട് മുത്തപ്പൻ പുഴയിൽ മലവെള്ളപ്പാച്ചിലിൽ തകർന്ന ചപ്പാത്തിന്റെ പുനർനിർമാണം ആരംഭിച്ചു. പുഴയ്ക്ക് കുറുകെ വലിയ പൈപ്പുകൾ സ്ഥാപിച്ചാണ് നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
വയനാട് തുരങ്കപാത നിർമാണ സ്ഥലത്തേക്ക് എത്താനുള്ള പ്രധാന വഴികളിലൊന്നായിരുന്ന ചപ്പാത്താണ് ഇന്നലെ ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്. വയനാട് തുരങ്കപാതയുടെ ഭാഗമായി മുത്തപ്പൻ പുഴയിലെ പഴയ പാലം പൊളിച്ച് പുതിയ പാലം നിർമിക്കാൻ ഊരാളുങ്കൽ സൊസൈറ്റിയ്ക്കാണ് കരാർ നൽകിയിരിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതുവരെ താൽക്കാലികമായി വാഹന ഗതാഗതത്തിനായാണ് ചപ്പാത്ത് ഒരുക്കിയിരുന്നത്.
ചപ്പാത്ത് ഒലിച്ചുപോയതോടെ മുത്തപ്പൻ പുഴ, മറിപ്പുഴ മേഖലകൾ പൂർണമായും ഒറ്റപ്പെട്ടു. നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിച്ചിരുന്ന ഗതാഗത മാർഗം നഷ്ടപ്പെട്ടതോടെ പ്രദേശത്ത് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. കൂടാതെ വയനാട് തുരങ്കപാത നിർമാണ സ്ഥലത്തേക്കുള്ള ഏക പ്രവേശന മാർഗവും തടസ്സപ്പെട്ടിട്ടുണ്ട്.
മഴ കുറയുന്നതിനോടൊപ്പം ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. പുഴയ്ക്ക് കുറുകെ പൈപ്പുകൾ സ്ഥാപിച്ച് താൽക്കാലികമായി വാഹനങ്ങൾ കടത്തിവിടാനാണ് നീക്കം. എന്നാൽ കാലവർഷം ആരംഭിക്കും മുൻപ് സ്ഥിരം പാലത്തിന്റെ നിർമാണം പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
തിരുവമ്പാടി മുതൽ തുരങ്കപാത വരെയുള്ള 14 കിലോമീറ്റർ റോഡ് വീതികൂട്ടൽ പദ്ധതിയും ഊരാളുങ്കൽ സൊസൈറ്റിക്കാണ് നൽകിയിരിക്കുന്നത്. മഴ ശക്തമാകുമ്പോൾ പ്രദേശത്തെ ഗതാഗതവും തുരങ്കപാത നിർമാണ പ്രവർത്തനങ്ങളും വീണ്ടും തടസ്സപ്പെടുമെന്ന ആശങ്കയും നാട്ടുകാർ ഉയർത്തുന്നു.






