തൃശ്ശൂർ: പെങ്ങാമുക്കിനെയും വടുതലയെയും ബന്ധിപ്പിക്കുന്ന പൊതുമരാമത്ത് റോഡിൽ ചെറുവള്ളിപ്പുഴയ്ക്ക് കുറുകെ നിലവിലുള്ള പഴയ പാലം പൊളിച്ചു മാറ്റി പുതിയ പാലം നിർമിക്കുന്നതിന്റെ മുന്നോടിയായി സംയുക്ത യോഗം നടന്നു.
നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ, വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ടി. സോമശേഖരൻ, വാർഡ് കൗൺസിലർ എൻ.എ. ഷനോഫ്, കാട്ടകാമ്പാൽ പഞ്ചായത്ത് അംഗം സദാനന്ദൻ മാസ്റ്റർ, പാടശേഖര സമിതി പ്രതിനിധികൾ, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിനു, അസിസ്റ്റന്റ് എഞ്ചിനീയർ സംഗീത, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ്, ജല അതോറിറ്റി പ്രതിനിധികൾ, കാട്ടകാമ്പാൽ, അഞ്ഞൂർ വില്ലേജ് ഓഫീസർമാർ, താലൂക്ക് സർവേയർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.ചെറുവള്ളിക്കടവിന് സമീപം കൊട്ടിലിങ്ങൽ ചന്ദ്രേട്ടന്റെ വസതിയിൽ വെച്ചായിരുന്നു യോഗം സംഘടിപ്പിച്ചത്.
വികസന പ്രവർത്തനങ്ങളോടുള്ള നാട്ടുകാരുടെ സ്നേഹവും സഹകരണവും പ്രകടമാക്കുന്നതിന്റെ ഭാഗമായി യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ഇളനീർ ഉൾപ്പെടെയുള്ള സ്വീകരണവും ഒരുക്കിയിരുന്നു.ഫെബ്രുവരി മാസത്തോടെ താൽക്കാലിക പാലത്തിന്റെ നിർമാണവും പഴയ പാലം പൊളിച്ചു നീക്കലും പൂർത്തിയാക്കുമെന്ന് യോഗത്തിൽ അറിയിച്ചു. മാർച്ച് അവസാന വാരത്തോടെ പുതിയ പാലത്തിന്റെ അടിത്തറ നിർമാണവും ഏപ്രിൽ അവസാനത്തോടെ പാലത്തിന്റെ മേൽഭാഗം നിർമാണവും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതോടൊപ്പം വൈദ്യുതി വകുപ്പിന്റെയും ജല അതോറിറ്റിയുടെയും സംവിധാനങ്ങൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും നടക്കും. ഭൂമിയുടെ സർവേ നടപടികൾ റവന്യൂ വകുപ്പ് ഫെബ്രുവരി 13ന് പൂർത്തിയാക്കുമെന്നും അറിയിച്ചു.പ്രവൃത്തികളുടെ സുഗമമായ നടത്തിപ്പിനായി പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറെ കൺവീനറായി ഒരു ഏകോപന സമിതിയും രൂപീകരിച്ചു. ഇരുവശങ്ങളിലെയും ജനപ്രതിനിധികൾ, പാടശേഖര സമിതി പ്രതിനിധി, വിവിധ വകുപ്പുകളിലെ അസിസ്റ്റന്റ് എഞ്ചിനീയർമാർ എന്നിവരാണ് സമിതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.
നിലവിലുള്ള പാലം പഴക്കം ചെന്നതും ഇടുങ്ങിയതും ശോചനീയാവസ്ഥയിലുമായതിനാലാണ് 2024–25 ബജറ്റിൽ ഉൾപ്പെടുത്തി 12 കോടി രൂപ ചെറുവള്ളിക്കടവിൽ പുതിയ പാലം നിർമാണത്തിനായി അനുവദിക്കാൻ എം.എൽ.എ ശുപാർശ ചെയ്തത്. ബജറ്റിൽ തുക അനുവദിച്ചതിന് പിന്നാലെ പൊതുമരാമത്ത് പാലങ്ങൾ വിഭാഗം വിശദമായ ചെലവുകണക്കു തയ്യാറാക്കി പ്രവൃത്തി ടെണ്ടർ ചെയ്യുകയും കാസർകോട് ആസ്ഥാനമായ കരാർ കമ്പനി നിർമാണ ചുമതല ഏറ്റെടുക്കുകയും ചെയ്തു.
9.33 കോടി രൂപയ്ക്കാണ് ഭരണാനുമതി നൽകിയിരിക്കുന്നത്.പുതിയ പാലത്തിന് 11.05 മീറ്റർ വീതിയും 60 മീറ്റർ നീളവുമുണ്ടാകും. 7.5 മീറ്റർ വീതിയുള്ള വാഹനപ്പാതയും ഇരുവശങ്ങളിലായി നടപ്പാതകളും ഒരുക്കും. പാലത്തിന്റെ സംരക്ഷണഭിത്തി നിർമിക്കുന്നതിനായി തെങ്ങിൻ തൂണുകളും കല്ലുപണിയും ഉൾപ്പെടുത്തി മണ്ണ് സ്ഥിരപ്പെടുത്തും. അടിത്തറ തൂണുകളിൽ അധിഷ്ഠിതമായ കോൺക്രീറ്റ് ഘടനയിലാണ് പാലം നിർമിക്കുന്നത്. ഇരുവശങ്ങളിലുമുള്ള സമീപ റോഡുകളുടെ നിർമാണം, കല്ലുപാകൽ, വൈദ്യുതി, ജലവിതരണ സംവിധാനങ്ങളുടെ മാറ്റിസ്ഥാപനം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.




