തൃശ്ശൂർ: കിഫ്ബി പദ്ധതിയിൽ നിർമിക്കുന്ന കുന്നംകുളം താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ മാർച്ച് 31 നകം പൂർത്തിയാക്കുമെന്ന് അറിയിച്ചു. കെട്ടിടത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ജനപ്രതിനിധികളോടൊപ്പം ആശുപത്രി സമുച്ചയം സന്ദർശിച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിലുള്ള യോഗത്തിൽ നിർമാണ പുരോഗതി അവലോകനം ചെയ്തിരുന്നു .സന്ദർശനത്തിൽ നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ, വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ മിഷ സെബാസ്റ്റ്യൻ, ടി. സോമശേഖരൻ, ആശുപത്രി സൂപ്രണ്ട് ഡോ. മണികണ്ഠൻ, ഇൻകെൽ പ്രോജക്ട് എഞ്ചിനീയർ തമ്പി, ഊരാളുങ്കൽ സൊസൈറ്റിയിലെ എഞ്ചിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.
1.55 ലക്ഷം ചതുരശ്ര അടിയിൽ ഏഴ് നിലകളിലായി ആധുനിക ചികിത്സാ സൗകര്യങ്ങളോടുകൂടിയാണ് ആശുപത്രി കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിന് താഴെയുള്ള നിലയിൽ ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ, എം.ജി.പി.എസ് ബാറ്ററി റൂം, ലാബ്, മോർച്ചറി എന്നിവയും, ഗ്രൗണ്ട് ഫ്ലോറിൽ കാഷ്വാലിറ്റി, ട്രയാജ്, ഒബ്സർവേഷൻ റൂം, പ്രൊസീജർ റൂം, മൈനർ ഒ.ടി, സി.ടി സ്കാൻ, എക്സ്-റേ, ഡയാലിസിസ് തുടങ്ങിയ സൗകര്യങ്ങളും പ്രവർത്തിക്കും.
ഒന്നാം നിലയിൽ വിവിധ ഒ.പി വിഭാഗങ്ങളും, രണ്ടാം നിലയിൽ വാർഡുകളും ഐസൊലേഷൻ സംവിധാനങ്ങളും, മൂന്നാം നിലയിൽ വാർഡുകളും മെഡിക്കൽ ഐസിയുവും പ്രവർത്തിക്കും. നാലാം നിലയിൽ ഓപ്പറേഷൻ തിയറ്ററുകൾ, പ്രീ ഒ.പി റൂമുകൾ, അനസ്‌തേഷ്യ റൂം, സർജിക്കൽ ഐസിയു എന്നിവയും, അഞ്ചാം നിലയിൽ എ.എച്ച്.യു, സി.എസ്.എസ്.ഡി യൂണിറ്റുകളും ഒരുക്കിയിട്ടുണ്ട്.76.51 കോടി രൂപ ചെലവിൽ കിഫ്ബി പദ്ധതി വഴി നിർമിക്കുന്ന താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ എസ്.പി.വി ഇൻകെൽ ലിമിറ്റഡാണ്. നിർമാണ ചുമതല വടകര ആസ്ഥാനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്.




