ആലപ്പുഴ: വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ രണ്ട് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിശ്ശേരി സ്വദേശിയും വിമുക്ത ഭടനുമായ രാധാകൃഷ്ണൻ (60), പട്ടരോടത്ത് വടക്കേതിൽ രാജൻ (53) എന്നിവരാണ് പിടിയിലായത്.
വീട്ടമ്മയും ഭർത്താവും ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ഒന്നാം പ്രതിയായ രാധാകൃഷ്ണൻ ഭർത്താവിനെ മർദിച്ചതായും, തുടർന്ന് ഇരുവരും ചേർന്ന് വീട്ടമ്മയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായും പരാതിയിൽ പറയുന്നു. മുടിയിൽ പിടിച്ച് വലിച്ചിഴക്കുകയും വസ്ത്രങ്ങൾ കീറുകയും ചെയ്തതായും വീട്ടമ്മ മൊഴി നൽകി.
ആക്രമണത്തിനിടെ ഉണ്ടായ പിടിവലിയിൽ വീട്ടമ്മയുടെ നാലര പവൻ സ്വർണമാല, താലി, മൊബൈൽ ഫോൺ എന്നിവ ഉൾപ്പെടെ ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയിലുണ്ട്.
മേയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടമ്മയുടെയും ഭർത്താവിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ ബിജു എസ്.വി, എസ്‌ഐമാരായ വിഷ്ണു, ഷൈജ എന്നിവർ നേതൃത്വം നൽകിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.






