കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഉന്നതതല യോഗം ചേർന്നു. കേസിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തിയ യോഗം നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തുകയും, അനുകൂല കോടതി വിധിയുടെ പശ്ചാത്തലത്തിൽ തുടർനടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കുന്ന നീക്കങ്ങൾ ഉണ്ടായേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, നിയമപരമായ പഴുതുകളില്ലാതെ മുന്നോട്ട് പോകാനും കൂടുതൽ ജാഗ്രത പാലിക്കാനും ഇഡി ഡയറക്ടർ നിർദേശം നൽകി. മറ്റ് പ്രധാന കേസുകളും യോഗത്തിൽ ചർച്ചയായി.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത് ഇഡിക്ക് വലിയ ആശ്വാസമായി. അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ തടയണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ഇസിഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന കാര്യം അന്വേഷണത്തിന് തടസമല്ലെന്നും, സ്വത്ത് മരവിപ്പിക്കാനോ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സമൻസ് നൽകാനോ ഇസിഐആർ അനിവാര്യമല്ലെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി വിധിക്ക് പിന്നാലെ കേസിലെ പ്രധാന വ്യക്തികൾക്ക് ഉടൻ നോട്ടീസ് നൽകാനാണ് ഇഡിയുടെ നീക്കം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും സിഎംആർഎൽ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരെയാണ് അടുത്ത ഘട്ടത്തിൽ ചോദ്യം ചെയ്യാൻ സാധ്യത. 2016 മുതൽ 2020-21 വരെയുള്ള കാലയളവിൽ ഐടി സേവനങ്ങളുടെ പേരിൽ വീണയ്ക്കും അവരുടെ കമ്പനിക്കും സിഎംആർഎല്ലിൽ നിന്ന് രണ്ട് കോടിയിലധികം രൂപ ലഭിച്ചെന്നാണ് കണ്ടെത്തൽ.
എന്നാൽ, എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് പ്രത്യേക സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നാണ് എസ്എഫ്ഐഒയുടെ കണ്ടെത്തൽ. സേവനം നൽകാതെയാണ് പണം കൈമാറിയതെന്ന ആരോപണത്തെ അടിസ്ഥാനമാക്കി കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നതാണ് ഇഡി പരിശോധിക്കുന്നത്. കുറ്റകൃത്യമൊന്നും നടന്നിട്ടില്ലെങ്കിൽ രേഖകൾ കൈമാറി അന്വേഷണം പൂർത്തിയാക്കി ക്ലീൻചീറ്റ് നേടാമായിരുന്നില്ലേയെന്ന ചോദ്യവും വാദത്തിനിടെ കോടതി ഉന്നയിച്ചിരുന്നു






