കാസർകോട്: തൃക്കരിപ്പൂരിലെ ശൈശവ വിവാഹത്തിൽ പുരോഹിതൻ്റെ മൊഴിയെടുത്തിരിക്കുകയാണ് പോലീസ്. ചന്തേര പൊലീസ് ആണ് എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദിലെ പുരോഹിതൻ റഹ്മത്തുള്ള മദനിയുടെ മൊഴിയെടുത്തത്. പള്ളിയിൽ നടക്കുന്ന വിവാഹം സംബന്ധിച്ച് സമയം പള്ളി കമ്മിറ്റി അറിയിക്കുകയും പുരോഹിതനെത്തി മതാചാരപ്രകാരം ചടങ്ങ് നിർവഹിക്കലുമാണ് പതിവ്. വധുവിൻ്റെ പ്രായം അടക്കം മറ്റ് കാര്യങ്ങൾ അറിയില്ലെന്നുമാണ് പുരോഹിതന്റെ വിശദീകരണം. 16 വയസ്സുകാരിയെ 28 കാരനായ പ്രവാസിയാണ് വിവാഹം കഴിച്ചത്. വരൻ ഉൾപ്പെടെ നാല് പേർക്കെതിരെ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
ദക്ഷിണ കൊറിയയിൽ ജോലി ചെയ്യുന്ന 28 വയസുകാരനായ സാബിർ ഷെയ്ക്ക്, 16 വയസുകാരിയെ വിവാഹം കഴിക്കുകയായിരുന്നു. ചൈൽഡ് ലൈനിൽ ചിലർ വിവരം നൽകിയതോടെ അന്വേഷണം ഉണ്ടായി. ബാല വിവാഹ നിരോധന ഓഫീസർ നടത്തിയ അന്വേഷണത്തിൽ ശൈശവ വിവാഹം നടന്നതായി കണ്ടെത്തിയിരുന്നു. കല്യാണം നടത്തിയിട്ടില്ലെന്നും ഉറപ്പിക്കൽ ചടങ്ങ് മാത്രമാണ് നടന്നതെന്നുമാണ് പെൺകുട്ടിയുടെയും വരന്റെയും ബഡുക്കളുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. സംഭവം വിവാദമായതിന് പിന്നാലെ വരൻ ദക്ഷിണ കൊറിയയിലേക്ക് കടന്നു.




