കോട്ടയം: കോൺഗ്രസും രാഹുൽ ഗാന്ധിയും ബിജെപിയുടെ ബി ടീമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് പിന്തുണച്ചതും ആഘോഷിച്ചതും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. നേമത്തിൽ ബിജെപി നേടിയ ജയം ഒരു രാഷ്ട്രീയ ധാരണയുടെ ഭാഗമായിരുന്നുവെന്നും, പിന്നീട് അത് എൽഡിഎഫ് പൂട്ടിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവല്ലയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ, ആരോഗ്യരംഗത്തെ നേട്ടങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. മുൻകാലത്തെ ദുർബലമായ അവസ്ഥയിൽ നിന്നാണ് എൽഡിഎഫ് സർക്കാർ മേഖലയെ ഉയർത്തിയതെന്നും, ശിശുമരണനിരക്കിൽ കേരളം അമേരിക്കയെക്കാൾ മുന്നിലെത്തിയതും അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിലും സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തലുകളോടെയാണ് വിവാദം ഉയർന്നതെന്നും, തുടർന്ന് ദേവസ്വം ബോർഡും സർക്കാരും അന്വേഷണം മുന്നോട്ടുകൊണ്ടുപോയതായും വ്യക്തമാക്കി. കുറ്റപ്രപത്രം വൈകിയതിനെ തുടർന്ന് പത്മകുമാറിന് ജാമ്യം ലഭിച്ചതായും, സിപിഎം അദ്ദേഹത്തെ എല്ലാ ചുമതലകളിൽ നിന്നും മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗീവർഗീസ് മാർ കൂറിലോസ് നടത്തിയ ഭരണമാറ്റ പരാമർശത്തെക്കുറിച്ച്, അദ്ദേഹം കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കുന്ന വ്യക്തിയാണെന്നും, നിലവിലെ ജനകീയ നയങ്ങൾ തുടരുമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.






