ബെയ്ജിങ്: കഴിഞ്ഞ വർഷം കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിച്ചുണ്ടായ അപകടത്തിൽ ചൈനീസ് ജീവനക്കാരെ രക്ഷപ്പെടുത്തിയതിന് ഇന്ത്യൻ സൈന്യത്തിന് നന്ദി അറിയിച്ച് ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുരോഗതി കൈവരിക്കുന്ന സാഹചര്യത്തിൽ സായുധ സേനകൾ തമ്മിലുള്ള ആശയവിനിമയവും സഹകരണവും വർധിപ്പിക്കണമെന്നും റിയർ അഡ്മിറൽ യു ജിയാൻ ആവശ്യപ്പെട്ടു.
ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 99-ാം സ്ഥാപക വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇന്ത്യൻ സൈന്യത്തിന് പ്രത്യേക നന്ദി അറിയിച്ചത്. 2025 ജൂണിലാണ് ചൈനീസ് ചരക്ക് കപ്പലായ വാൻ ഹായ് 503ൽ ബേപ്പൂരിനും അഴീക്കലിനും ഇടയിൽ ഉൾക്കടലിൽ വച്ച് തീപ്പിടിത്തമുണ്ടായത്. അപകടത്തിൽപ്പെട്ട കപ്പലിൽ കുടുങ്ങിയ 12 ചൈനീസ് പൗരന്മാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. തീപിടിത്തമുമുണ്ടായ ചരക്ക് കപ്പലിൽ നിന്ന് 12 ചൈനീസ് ജീവനക്കാരെ രക്ഷപ്പെടുത്തിയത് തങ്ങൾ ഒരിക്കലും മറക്കില്ലെന്ന് ആദ്ദേഹം പറഞ്ഞു.











