തിരുവനന്തപുരം: ചിറയിൻകീഴ് ശാർക്കര പുതുക്കരിയിൽ വീടുകൾക്ക് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ കേസിൽ നാല് പേർ അറസ്റ്റിൽ. മേനംകുളം സ്വദേശികളായ രജിത്ത് (33), കിരൺ (29), അജീഷ് (37), കീഴാറ്റിങ്ങൽ നെടിയവിള സ്വദേശി വൈഷ്ണവ് (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മുൻ അംഗം ബീജ സുരേഷിന്റെ വീടിനും സമീപത്തെ വിജയന്റെ വീടിനുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്ഫോടക വസ്തുക്കൾ എറിഞ്ഞത്. ഹെൽമറ്റും റെയിൻകോട്ടും ധരിച്ചാണ് പ്രതികൾ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ രണ്ട് വീടുകൾക്കും നാശനഷ്ടമുണ്ടായി.
വീടുകളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വിജയനുമായുള്ള വസ്തുതർക്കത്തെ തുടർന്ന് വിദേശത്തുള്ള സതീശൻ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വിജയന്റെ വീടാണ് ആദ്യം ലക്ഷ്യമിട്ടതെന്നും തുടർന്ന് വീട് മാറി മുൻ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലും ആക്രമണം നടത്തിയെന്നും പ്രതികൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
തിരുവനന്തപുരം റൂറൽ എസ്.പി പ്രശാന്തന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി അജിചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. വങ്കാളംമുക്കിലെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.













