മസ്‌കറ്റ്: ഒമാനിൽ വാഹനാപകടം. സുൽത്താൻ തുർക്കി ബിൻ സൈദ് റോഡിലെ വാദി അൽ അഖ് രണ്ടാമത്തെ ടണലിൽ നിയന്ത്രണം വിട്ട ട്രക്ക് തലകീഴായി മറിഞ്ഞു. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് റോഡിൽ ഉരഞ്ഞ് തീപ്പൊരി ചിതറിച്ച് മുന്നോട്ട് നീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ട്രക്ക് മറിയുന്നതിന് തൊട്ടുമുൻപായി ഒരു കുടുംബം സഞ്ചരിച്ചിരുന്ന എസ്‌യുവി കാറും സമീപത്തുണ്ടായിരുന്നു. സമയോചിതമായി കാർ മുന്നോട്ട് എടുത്തതോടെയാണ് വലിയ ദുരന്തം ഒഴിവായത്. നോർത്ത് അൽ ശർഖിയ ഗവർണറേറ്റിൽ നിന്ന് മസ്‌കറ്റിലേക്ക് പോകുന്ന ദിശയിലെ ടണലിലാണ് അപകടമുണ്ടായത്.
അപകടത്തെ തുടർന്ന് റോയൽ ഒമാൻ പൊലീസ് വാഹനങ്ങൾ പഴയ റോഡിലേക്ക് തിരിച്ചുവിട്ടു. ടണലിലെ വളവിൽ അമിത വേഗതയാണോ യന്ത്രത്തകരാറാണോ അപകടകാരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
റോയൽ ഒമാൻ പൊലീസും രക്ഷാസേനയും സ്ഥലത്തെത്തി ടണലിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്തതോടെ ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിൽ ട്രക്ക് ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ടോ എന്നതിൽ പൊലീസ് ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.












