രാജ്യതലസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നടന്നുവരുന്ന വിദ്യാർഥി-ബഹുജന പ്രതിഷേധങ്ങൾ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ പ്രക്ഷോഭത്തിന് നേരെ ഡൽഹി പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചതോടെ തെരുവുകൾ യുദ്ധക്കളമായി. തൊട്ടുപിന്നാലെ പ്രതിഷേധം കോൺഗ്രസ് ഏറ്റെടുത്തതോടെ ഡൽഹി പൂർണ്ണമായും മുൾമുനയിലായി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളെ പോലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കുന്ന കാഴ്ചകൾക്കും ഇന്ദ്രപ്രസ്ഥാനം സാക്ഷ്യം വഹിച്ചു.
ഒടുവിൽ സമാനതകളില്ലാത്ത രീതിയിലേക്ക് പ്രതിഷേധം ആളിക്കത്തിയപ്പോൾ ചർച്ചയ്ക്ക് കേന്ദ്രം വഴങ്ങുകയായിരുന്നു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധങ്ങൾ അവസാന ദിവസങ്ങളായപ്പോൾ പ്രധാനമന്ത്രി മോദിയുടെ വരെ രാജി ആവശ്യപ്പെടുന്ന നിലയിലേക്ക് മാറിയിരുന്നു. ഈ സാഹചര്യത്തിൽ ചർച്ചയ്ക്ക് കേന്ദ്രം സമ്മതം മൂളുകയായിരുന്നു.
പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച സമവായ നീക്കങ്ങൾ പ്രതിപക്ഷവും സിജെപിയും തള്ളുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കാതെ യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെ വ്യക്തമാക്കിയപ്പോൾ, ജെ.പി. നഡ്ഡയുടെ ചർച്ചാ ക്ഷണം സി.ജെ.പി നേതൃത്വവും നിരസിച്ചു.
ഇനി ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചയ്ക്ക് പോകില്ലെന്ന നിലപാടാണ് പ്രതിഷേധക്കാർക്ക്. നിഷ്പക്ഷമായ വേദിയിൽ മാത്രമേ ചർച്ചയ്ക്ക് തയ്യാറുള്ളുവെന്നും സിജെപി നേതാവ് സൗരവ് ദാസ് പറഞ്ഞു. കേന്ദ്രമന്ത്രി ജെപി നഡ്ഡയുടെ വീട്ടിൽ വച്ച് സിജെപിയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നായിരുന്നു കേന്ദ്രസർക്കർ അറിയിച്ചത്. ‘ അവർ ഞങ്ങളെ ചർച്ചയ്ക്കായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചെങ്കിലും ഞങ്ങൾ അത് നിരസിച്ചു. ചർച്ചയ്ക്കായി ഇനി ആരുടെയും ഓഫീസിലോ വീട്ടിലോ പോകാൻ ഉദ്ദേശിക്കുന്നില്ല. മന്ത്രിമാർക്ക് സംസാരിക്കാൻ താത്പര്യമുണ്ടെങ്കിൽ അവർ ജനങ്ങൾക്കിടയിലേക്ക് വരണം. ചർച്ചകൾ ജന്തർ മന്ദിറിൽ വച്ച് തന്നെ നടക്കണം’ സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. ജന്തർ മന്തറിൽവെച്ച് സിജെപിയുമായി ചർച്ചനടത്താൻ കേന്ദ്രത്തിന് താൽപര്യമില്ലെങ്കിൽ കോൺസ്റ്റിറ്റിയൂഷൻ ക്ലബ് പോലെയുള്ള നിഷ്പക്ഷവേദിയാകാമെന്നുമാണ് സിജെപിയുടെ ഇപ്പോഴത്തെ നിലപാട്.
‘ഞങ്ങൾ വിവേകത്തോടെ ചിന്തിക്കുന്നവരാണ്. പ്രതിഷേധ സ്ഥലത്തെ സുരക്ഷയെ കുറിച്ചാണ് സർക്കാരിന് ആശങ്കയെങ്കിൽ, സമീപമുള്ള നിഷ്പക്ഷ സ്ഥലത്തുവച്ച് കൂടിക്കാഴ്ച നടത്താൻ തയ്യാറാണ്. കേന്ദ്രസർക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്. ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാനുള്ള ഉദ്ദേശം സർക്കാരിനുണ്ടായിരിക്ഖണം. അർഥശൂന്യമായ ചർച്ചയ്ക്ക് ഞങ്ങളെ വിളിച്ചിട്ട് കാര്യമില്ല, സമയം വളരെ വിലപ്പെട്ടതാണ്. ആത്മാർഥമായുള്ള ചർച്ചയ്ക്ക് കേന്ദ്രം തയ്യാറാണോ’ എന്നാണ് സൗരവ് ചോദിക്കുന്നത്. മന്ത്രിസ്ഥാനത്ത് ധർമ്മേന്ദ്ര പ്രധാൻ തുടരുമ്പോൾ ചർച്ചയ്ക്ക് ഒരു പ്രസക്തിയുമില്ലെന്ന നിലപാടിലാണ് ഇന്ത്യാ മുന്നണിയും.
ഒരു മാസത്തോളം നീണ്ട സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ കേന്ദ്രം ചർച്ചയ്ക്ക് സമ്മതം മൂളിയപ്പോൾ അത് നിരാകരിക്കുന്ന സമീപനം കേന്ദ്രം അനുഭാവപൂർവ്വം നേരിട്ടെന്ന് വരില്ല. നീറ്റ് പരീക്ഷാത്തട്ടിപ്പ് ഉൾപ്പെടെ പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളിലും പാർലമെന്റിൽ വിശദമായ ചർച്ചയ്‌ക്ക് കേന്ദ്ര സർക്കാർ തയ്യാറാണെന്ന് നദ്ദ പലതവണ ആവർത്തിക്കുന്നത് കണ്ടതാണ്. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും സർക്കാർ നിലപാട് ആവർത്തിച്ചു. മൺസൂൺ സമ്മേളനം ആരംഭിച്ച ദിവസം മുതൽ തന്നെ നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചയ്‌ക്ക് സർക്കാർ സന്നദ്ധമാണെന്നും, ഏത് ചട്ടപ്രകാരമാണ് ചർച്ച നടത്തേണ്ടതെന്ന് തീരുമാനിച്ചാൽ മാത്രം മതിയെന്നുമാണ് നിലവിൽ കേന്ദ്ര നിലപാട്.
പ്രശ്നം പരിഹരിക്കുകയാണ് ലക്ഷ്യമെങ്കിൽ ചർച്ച കൂടിയേ തീരു. പ്രതിഷേധക്കാരുടെ ആവശ്യങ്ങളെല്ലാം ഒറ്റയടിക്ക് കേന്ദ്രം നിറവേറ്റുമെന്ന് കരുതാൻ വയ്യ, പ്രത്യേകിച്ച് ധർമേന്ദ്ര പ്രധാന്റെ രാജി. അതിനാൽ തന്നെ സമവായത്തിലൂടെ മാത്രം പരിഹാരിക്കാവുന്ന ഒരു വിഷയമാണിത്. പോലീസ് നടപടിക്കെതിരായ ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ സുപ്രീം കോടതി ഇന്നലെ വിസമ്മതിച്ചിരുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് ഹർജിക്കാരൻ അറിയിച്ചെങ്കിലും, ദൃശ്യങ്ങൾ കാണാൻ താല്പര്യവും സമയവുമില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നിലപാടെടുക്കുകയായിരുന്നു. ‘തൊഴിലില്ലാത്ത ചിലർ പാറ്റകളെപ്പോലെയാണെന്ന’ ചീഫ് ജസ്റ്റിസിന്റെ മുൻപത്തെ പരാമർശമാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ രൂപീകരണത്തിന് തന്നെ വഴിവെച്ചിരുന്നത്.
പ്രതിഷേധം ചെയ്യുന്നവർക്ക് നേരെയുള്ള പൊലീസ് നടപടികൾ ക്രൂരമായിരുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ സിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് പെല്ലറ്റ് ഗൺ പ്രയോഗിച്ചെന്ന വാദവും ഇതിനിടെ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പരിക്കേറ്റ പ്രതിഷേധക്കാരന്റെ കണ്ണിൽ നിന്നും ശസ്ത്രക്രിയയിലൂടെ പെല്ലറ്റ് നീക്കം ചെയ്തതായി ആശുപത്രി റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. നീതിക്ക് വേണ്ടി ഒരു ജനാധിപത്യ രാജ്യത്ത് സമരം ചെയ്യുന്നവരെ നേരിടേണ്ട രീതി ഒരിക്കലും ഇങ്ങനെയാവരുത്.
അതിനിടെ, പ്രതിഷേധത്തിലെ രാജ്യവിരുദ്ധ ശക്തികളുടെ സ്വാധീനവും പങ്കുമാണ് കേന്ദ്രം പ്രധാനമായും അന്വേഷിക്കുന്ന വിഷയം. പ്രതിഷേധങ്ങളുടെ മറവിൽ രാജ്യവിരുദ്ധ ശക്തികൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം എൻസിപി ശരത്ചന്ദ്ര പവാർ വിഭാഗം ദേശീയ വക്താവ് അനീഷ് ഗവാണ്ടെയുടെ കൂടെയാണെന്നൊരു ആരോപണമുണ്ട്. സിജെപിയുടെ ഫണ്ടിങ്ങും അഭിജിത്തിന്റെ പശ്ചാത്തലവും നേരത്തെ തന്നെ ബിജെപി കേന്ദ്രങ്ങൾ ചോദ്യം ചെയ്യുന്നതാണ്.
രാജ്യതലസ്ഥാനത്ത് കലാപത്തിനുള്ള ശ്രമാണെന്നും പ്രതിഷേധത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്തികളും തീവ്ര ഇടത്-ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുമാണെന്ന് ആരോപണവും ശക്തമാണ്. രാജ്യവിരുദ്ധ സമരങ്ങളിൽ മുന്നിൽ നിൽക്കുന്ന സംഘടനകളുടെ പ്രതിനിധികളുടെ സജീവ സാന്നിധ്യവും ഈ സംശയത്തിന് ആക്കം കൂട്ടുന്നു. ബിജെപി കേന്ദ്ര അനുഭാവികളും നേതാക്കളും പ്രതിഷേധങ്ങളിലെ രാഷ്ട്രവിരുദ്ധ ഗൂഢലക്ഷ്യങ്ങളെയാണ് ചോദ്യമുനയിൽ നിർത്തുന്നത്.
ഡൽഹി പൊലീസും പറയുന്നത് ഇക്കാര്യങ്ങൾ തന്നെയാണ്. പാർലമെന്റിലേക്കുള്ള പ്രതിഷേധ മാർച്ചിനിടെയുണ്ടായ അക്രമത്തിലും സംഘർഷത്തിലും മനഃപൂർവം ആക്രമിക്കപ്പെട്ടതായി ഡൽഹി പൊലീസ് ആരോപിച്ചിരുന്നു. പ്രതിഷേധക്കാർ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരെ ബോധപൂർവ്വം ലക്ഷ്യമിട്ടതായും കല്ലെറിഞ്ഞതായും സ്ഥലത്ത് വിന്യസിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ശാരീരികമായി ഉപദ്രവിച്ചതായും പരിക്കേറ്റ ഡൽഹി പോലീസ് സബ് ഇൻസ്‌പെക്ടർ ആരോപിക്കുന്നു. പ്രതിഷേധക്കാരുമായി സംസാരിക്കാനും സമാധാനം നിലനിർത്താൻ അവരെ പ്രേരിപ്പിക്കാനും ഡി.സി.പി. ശ്രമിക്കുന്നതിനിടെയാണ് ഒരു വിഭാഗം പെട്ടെന്ന് അക്രമാസക്തരായതെന്ന് പൊലീസ് പറയുന്നു. പ്രതിഷേധക്കാർ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞതായും ആരോപണമുണ്ട്.
സമരം ന്യായമായ ആവശ്യം ഉന്നയിച്ചാണ്. രാജ്യമെമ്പാടുമുള്ള യുവാക്കൾ വളരെ ആവേശത്തോടെ ഡൽഹിയിലേക്ക് ഒത്തുചേരുന്നതും ഇത്രയും ക്രൂരമായ നടപടികൾ നേരിട്ടിട്ടും പിന്മാറാതെ സമരമുഖത്ത് തുടരുന്നതും ശുഭസൂചന തന്നെയാണ്. മാറ്റങ്ങൾ ഉണ്ടാവുകയല്ല, അത് നേടിയെടുക്കുന്നത് തന്നെയെന്ന് ഈ യുവത്വം വീണ്ടും തെളിയിക്കുകയുമാണ്. കേന്ദ്ര സർക്കാർ തങ്ങളുടെ വീണ്ടുവിചാരമില്ലാത്ത നിലപാടുകൾ മാറ്റിവെച്ച് തഴച്ചുവളരുന്ന ആശങ്കകൾക്ക് ഉത്തരം നൽകണം. അതേസമയം, ചർച്ചകളെ പൂർണ്ണമായി ബഹിഷ്കരിക്കുന്ന നിലപാടിൽ നിന്ന് പ്രതിഷേധക്കാരും പ്രതിപക്ഷവും പിന്മാറേണ്ടതുണ്ട്. ജനാധിപത്യ സംവിധാനത്തിൽ ഏതൊരു പ്രശ്നത്തിനും അന്തിമ പരിഹാരം കാണേണ്ടത് സമവായങ്ങളിലൂടെയും ചർച്ചകളിലൂടെയുമാണ്. നീറ്റ് ക്രമക്കേടിൽ കുറ്റക്കാരായവർ ശിക്ഷിക്കപ്പെടുകയും വിദ്യാർഥികൾക്ക് നീതി ലഭിക്കുകയും വേണം. ഒപ്പം, ഈ സമരത്തിന്റെ മറവിൽ രാജ്യവിരുദ്ധ ശക്തികൾ എന്തെങ്കിലും മുതലെടുപ്പിന് ശ്രമിക്കുന്നുണ്ടെങ്കിൽ അതിനെ തുരത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തം കൂടിയാണ്.




