തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഡിജിപിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിൽ തുടർനടപടികൾക്ക് ഒരുങ്ങി ആഭ്യന്തര വകുപ്പ്. ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലം അഡ്വക്കറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടി. നിയമോപദേശം ലഭിച്ച ശേഷം റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറും.
ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം നടത്താനുള്ള സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
അതേസമയം, കേസിൽ കൂടുതൽ സിഎംആർഎൽ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും ഓഡിറ്റർമാരും ഉൾപ്പെടെ ഏഴോളം പേർക്ക് ഇഡി സമൻസ് അയച്ചു. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം എക്സാലോജിക് എംഡി വീണ ടി.യെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കേസിലെ ആദ്യഘട്ട കുറ്റപത്രം ഉടൻ സമർപ്പിച്ചേക്കുമെന്നാണ് വിവരം.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ഇഡിയുടെ ആവശ്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടിന് ശേഷമായിരിക്കും കേന്ദ്ര ഏജൻസിയുടെ തുടർനടപടികൾ.
ചൊവ്വാഴ്ചയാണ് സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഡിജിപിക്ക് ഇഡി റിപ്പോർട്ട് നൽകിയത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി., മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നാണ് വിവരം.
വീണ ടി. വഴി പിണറായി വിജയന് സിഎംആർഎലിൽ നിന്ന് 3.28 കോടി രൂപ കൈക്കൂലിയായി ലഭിച്ചെന്നാണ് ഇഡി കത്തിലെ പരാമർശം. മുഹമ്മദ് റിയാസിനെതിരെയും വീണയ്ക്കെതിരെയും സമാനമായി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കൈക്കൂലി തുക വീണ വഴിയും സുഹൃത്തുക്കൾ വഴിയും ദുബായിലേക്ക് അയച്ചതായും കത്തിൽ പറയുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇടപാടുകൾക്കായി എക്സാലോജിക് സൊല്യൂഷൻസ് വാഹനം ഉപയോഗിച്ചതായും സിഎംആർഎൽ എംഡി കൈക്കൂലി തുക നൽകിയതായും മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി. സുരേഷ് കുമാർ ഇടപാടുകൾക്ക് സഹായം നൽകിയതായും കത്തിൽ പരാമർശിക്കുന്നുണ്ട്. ഷൈജൽ, പി. നിഖിൽ, ഹസ്സൻ വാരിഷ്, ഫൈസാജ് വി.പി., നന്ദുലാൽ എം. എന്നിവർ കൈക്കൂലി തുക കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും സഹായിച്ചതായും റിപ്പോർട്ടിൽ ആരോപണമുണ്ടെന്നാണ് വിവരം.
ഇഡി റിപ്പോർട്ടിന് പിന്നാലെ സർക്കാർ തലത്തിലും പ്രതികരണങ്ങൾ ഉണ്ടായി. റിപ്പോർട്ട് ലഭിച്ച ശേഷം പരിശോധിച്ച് തുടർനടപടികൾ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇഡിയുടെ റിപ്പോർട്ട് പൂർണമായി തള്ളിക്കളയാനാകില്ലെന്നും ആവശ്യമായാൽ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്നും മന്ത്രി പറഞ്ഞിരുന്നു.
റിപ്പോർട്ട് പരിശോധിച്ച ശേഷം സർക്കാരുമായി ആലോചിച്ചായിരിക്കും തുടർനടപടികളെന്ന് ഡിജിപി റവാഡ ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു. ഇഡി നൽകിയ കത്ത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി സണ്ണി ജോസഫും പ്രതികരിച്ചു. ഇത്തരമൊരു റിപ്പോർട്ട് ലഭിച്ചാൽ പൊലീസ് നടപടി സ്വീകരിക്കാതിരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.













