Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാസപ്പടിയിൽ പിണറായിക്ക് അടിതെറ്റുമോ? കേസ് എടുത്താൽ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയേണ്ടി വരുമോ? CPIMന് നിയമക്കുരിക്കനൊപ്പം രാഷ്ട്രീയ പ്രതിസന്ധിയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ED റിപ്പോർട്ട് കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സംഘടനാപരമായ തിരുത്തൽ നടപടികളുമായി ഒരുവിധം മുന്നോട്ടുപോകുന്ന സിപിഎമ്മിനും എൽഡിഎഫിനും ഇഡി നീക്കം പുതിയ രാഷ്ട്രീയ വെല്ലുവിളി തന്നെയാണ്.

അതേസമയം, ഇഡിയുടെ നീക്കത്തെ തള്ളിക്കളയുകയാണ് പാർട്ടി സെക്രട്ടറി എംവി ​ഗോവിന്ദൻ അടക്കമുള്ള സിപിഎം നേതാക്കൾ. ഇ ഡിക്ക് രാഷ്ട്രീയ ലക്ഷ്യമാണ്, ഓലപ്പാമ്പ് കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും വഴങ്ങാൻ മനസില്ലെന്നുമാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ഏത് കേസ് വന്നാലും നേരിടും. ഇനിയും പല കേസുകളും വരും. പ്രതിരോധിച്ച് മുന്നോട്ടുപോകും. ഒരു കത്തിനൊന്നും വലിയ വിലയില്ല എന്നും എംവി ​ഗോവിന്ദൻ പറയുന്നു.

ഇഡിയുടെ ‘തിരക്കഥ നന്നായിട്ടുണ്ടെന്ന്’ പരിഹസിച്ച മന്ത്രി മുഹമ്മദ് റിയാസ് എംഎൽഎ, തങ്ങൾ പേടിച്ചുപോയെന്ന് ആരും കരുതേണ്ടെന്നും വ്യക്തമാക്കി. ആത്മവിശ്വാസമുണ്ടെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും റിയാസ് പ്രതികരിച്ചു. കേസെടുക്കണമോ എന്നത് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് റിയാസിന്റെ കൂടെ പ്രതികരണം വന്നതോടെ, കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധം ശക്തമാക്കാനാണ് സിപിഎം തീരുമാനം. കേന്ദ്ര ഏജൻസികളുടെ നീക്കങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന പാർട്ടി നിലപാടിന് അടിവരയിടുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

എന്നാൽ, പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ, അത് കേരള രാഷ്ട്രീയത്തിൽ വലിയ അലയൊലികൾ സൃഷ്ടിക്കും. പ്രത്യേകിച്ചും പ്രതിപക്ഷ നേതാവ്, എംഎൽഎ എന്നീ ഭരണഘടനാ പദവികൾ അദ്ദേഹം വഹിക്കുന്നതിനാൽ രാഷ്ട്രീയ സമ്മർദ്ദം അതിരൂക്ഷമാകും. മുൻപ് ലാവ്‌ലിൻ കേസിൽ പ്രതിയായിരുന്ന സമയത്ത് അദ്ദേഹം ജനപ്രതിനിധിയല്ലാതിരുന്നതുകൊണ്ട് പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിൽ സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടാൽ, അദ്ദേഹം പദവികൾ ഒഴിയണമെന്ന ശക്തമായ ആവശ്യം ഭരണപക്ഷത്തുനിന്നും മറ്റു രാഷ്ട്രീയ കക്ഷികളിൽ നിന്നും ഉയരുമെന്ന് ഉറപ്പാണ്. അത്തരത്തിൽ ആവശ്യവുമായി ബിജെപി നേതാവ് ഷോൺ ജോർജ് അടക്കമുള്ളഴർ രം​ഗത്ത് വരുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രധാന മുഖമായിരുന്ന പിണറായി വിജയൻ, നിലവിൽ നിയമസഭയിൽ പ്രതിപക്ഷത്തെ നയിക്കുന്ന വേളയിൽ അഴിമതി ആരോപണം നേരിടുന്നത് സിപിഎമ്മിന് എളുപ്പത്തിൽ ന്യായീകരിക്കാനാവില്ല. തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് ശേഷം പാർട്ടി നേതൃത്വവും പ്രവർത്തനശൈലിയും തിരുത്തൽ ചർച്ചകൾക്ക് വിധേയമാക്കുന്ന ഈ ഘട്ടത്തിൽ, ഉയർന്നുവന്ന പുതിയ വിവാദം വലിയ ആഭ്യന്തര വെല്ലുവിളിയുമാണ്. ഇതിൽ എൽഡിഎഫിലെ രണ്ടാമത്തെ പ്രധാന കക്ഷിയായ സിപിഐ സ്വീകരിക്കുന്ന നിലപാടും ഏറെ നിർണായകമാണ്. പ്രതിപക്ഷ ഉപനേതൃപദവി ഉൾപ്പെടെയുള്ള പല വിഷയങ്ങളിലും നേരത്തെ തന്നെ വിയോജിപ്പുകൾ പ്രകടിപ്പിച്ചിട്ടുള്ള സിപിഐ, വിഷയത്തിൽ സിപിഎമ്മിന് പൂർണ്ണ പിന്തുണ നൽകുമോ അതോ സ്വതന്ത്രമായ നിലപാട് എടുക്കുമോ എന്നത് മുന്നണി സമവാക്യങ്ങളെ നേരിട്ട് ബാധിക്കും.

ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുറത്തുവരുന്ന വിവരങ്ങളിൽ പ്രധാനപ്പെട്ടത് സിഎംആർഎൽ എംഡി ശശിധരൻ കർത്ത നൽകിയ മൊഴിയാണ്. എക്‌സാലോജിക് കമ്പനി സിഎംആർഎല്ലിന് യഥാർത്ഥത്തിൽ ഒരു സേവനവും നൽകിയിട്ടില്ലെന്നും, പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പം കാരണമാണ് കരാർ നൽകിയതെന്നുമാണ് അദ്ദേഹം ഇഡിക്ക് നൽകിയ മൊഴി. വീണയ്ക്ക് സിഎംആർഎൽ നേരിട്ട് ഗൈഡൻസ് നൽകിയിരുന്നുവെന്ന് വാദമുണ്ടെങ്കിലും, ഇതിന് തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനായുള്ള അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിയുടെ റിപ്പോർട്ടിൽ ഇഡി ചൂണ്ടിക്കാണിക്കുന്നു. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ വീണയ്ക്കും എക്‌സാലോജിക്കിനുമായി 2.78 കോടി രൂപ സിഎംആർഎൽ കൈമാറിയെന്നാണ് കണ്ടെത്തൽ.

ഇഡി സമർപ്പിച്ച റിപ്പോർട്ടിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രാഥമിക വിലയിരുത്തൽ. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കൂടുതൽ ശക്തമായ പ്രചാരണത്തിന് രൂപം നൽകാനാണ് പാർട്ടി തീരുമാനം. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ തുടർന്നുള്ള നീക്കങ്ങൾകൂടി നിരീക്ഷിച്ച ശേഷമായിരിക്കും മുന്നോട്ടുള്ള രാഷ്ട്രീയ തന്ത്രങ്ങൾ മെനയുക. ഇഡി ഡിജിപിക്ക് കത്ത് നൽകിയ പശ്ചാത്തലത്തിൽ, കൃത്യമായ നിയമോപദേശം തേടിയ ശേഷമായിരിക്കും സർക്കാർ നിലപാട് വ്യക്തമാക്കുക. കേസ് സംസ്ഥാന വിജിലൻസിന് കൈമാറാനുള്ള സാധ്യതകളും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നുണ്ട്.

അതേസമയം, ഇഡിയുടെ നടപടികൾ വ്യക്തമായ തെളിവുകളുടെ വെളിച്ചത്തിലാണെന്നും പുറത്തുവന്നത് ‘മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും’ RSP നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എംപി പ്രതികരിച്ചു. പിണറായി വിജയനെതിരെ നിയമനടപടികൾ ആരംഭിച്ചാൽ അത് കേവലം ഒരു എഫ്ഐആറിൽ മാത്രം ഒതുങ്ങുന്ന ഒന്നാകില്ല. പ്രതിപക്ഷ നേതാവിന്റെ രാജിനായുള്ള സമ്മർദ്ദം, മുന്നണിക്കുള്ളിലെ അഭിപ്രായ രൂപീകരണം, സിപിഎമ്മിന്റെ പ്രതിരോധ പ്രചാരണങ്ങൾ എന്നിവയെല്ലാം ഒരുപോലെ പുകഞ്ഞു കത്തുന്ന രാഷ്ട്രീയ അഗ്നിപരീക്ഷണമായി മാറും.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന സിപിഎമ്മിന്, പാർട്ടിയുടെ ഏറ്റവും കരുത്തനായ നായകനുനേരെ ഉയർന്ന ഈ അഴിമതി ആരോപണം കേവലമൊരു കേസ് മാത്രമല്ല; മറിച്ച് അവരുടെ രാഷ്ട്രീയ നിലനിൽപ്പിനെയും പ്രതിച്ഛായയെയും ചോദ്യം ചെയ്യുന്ന വൻ കൊടുങ്കാറ്റാണ്. വരുംദിവസങ്ങളിൽ നിയമപോരാട്ടങ്ങൾ ഏത് ദിശയിലേക്ക് തിരിയുമെന്നതും, മുന്നണിയിലെ അണിയറ നീക്കങ്ങളും, പിണറായി വിജയൻ എന്ന രാഷ്ട്രീയ തന്ത്രജ്ഞൻ ഇതിനെയെല്ലാം എങ്ങനെ പ്രതിരോധിച്ചു തോൽപ്പിക്കുമെന്നതുമായിരിക്കും കേരള രാഷ്ട്രീയത്തിന്റെ ഭാവിയെ നിർണ്ണയിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix