മലപ്പുറം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികളെ വിമർശിച്ച് എ.പി. സുന്നി വിഭാഗം. അനാവശ്യ വിവാദങ്ങൾ ഭരണാധികാരികൾ അവസാനിപ്പിക്കേണ്ടിയിരുന്നുവെന്ന് എസ്‌വൈഎസ് ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം പറഞ്ഞു.
സിറാജ് പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കാതെയുള്ള വിമർശനം. ഭരണാധികാരികളുടെ വിമർശന ശൈലിയാണ് കാന്തപുരത്തിന്റെ കോലം കത്തിക്കുന്നതിലേക്കു വരെ കാര്യങ്ങൾ എത്തിച്ചതെന്നും റഹ്മത്തുള്ള സഖാഫി എളമരം ആരോപിച്ചു.
അതേസമയം, വിഷയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കെ.സി. വേണുഗോപാലും സ്വീകരിച്ച നിലപാടുകളെ ലേഖനത്തിൽ പ്രശംസിക്കുന്നുമുണ്ട്.
സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്നതടക്കമുള്ള വിവാദ പരാമർശങ്ങളാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന ജംഇയ്യത്തുൽ ഉലമയുടെ സർക്കുലറിൽ ഉണ്ടായിരുന്നത്. സ്ത്രീകൾ പൊതുവേദികളിൽ എത്തുന്നതിനെതിരായ ഇത്തരം നിലപാടുകൾ 19-ാം നൂറ്റാണ്ടിലെ ചിന്താഗതിയാണെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം.
ഇത്തരം നിലപാടുകൾ പുരോഗമന കേരളത്തിന് ചേർന്നതല്ലെന്നും ഇത്തരം പ്രസ്താവനകളോട് ശക്തമായ എതിർപ്പുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇത്തരം പരാമർശങ്ങൾ ഇസ്ലാമിനെപ്പോലും തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.














