കോഴിക്കോട്: കുട്ടികൾ കത്തിച്ച ആകാശപടക്കം തെങ്ങിന് മുകളിൽ വീണ് തീപിടിച്ചു. ചെമ്പറ്റ തേവലമ്മൽ ഹരിദാസന്റെ പറമ്പിലുള്ള ഏകദേശം 40 അടി ഉയരമുള്ള തെങ്ങിനാണ് തീപിടിച്ചത്. സംഭവത്തെ തുടർന്ന് മുക്കത്തിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരായ എ.എസ്. പ്രദീപ്, എൻ.ടി. അനീഷ്, കെ.എം. ജിഗേഷ്, കെ.പി. അജിഷ്, എം.സി. സജിത്ത് ലാൽ, ഹോംഗാർഡ് ടി. രവീന്ദ്രൻ എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു. വേഗത്തിലുള്ള ഇടപെടലിനെ തുടർന്ന് വലിയ അപകടം ഒഴിവായി.




