കണ്ണൂർ: പാനൂരിലെ തൂവക്കുന്നിൽ നിർമാണത്തിലിരുന്ന ഇരുനില വീടിന്റെ മുകളിൽ നിന്ന് താഴേക്ക് വീണ നിർമാണത്തൊഴിലാളിയെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി സഹപ്രവർത്തകനും അയൽവാസിയുമായ യുവാവ്. മേൽക്കൂരയിൽ നിന്ന് കാൽതെറ്റി വീണ ചന്ദ്രിക്ക് രക്ഷയായത് താഴെ ജോലിചെയ്തുകൊണ്ടിരുന്ന രഞ്ജിഷിന്റെ അതിവേഗ പ്രതികരണമായിരുന്നു.
കണ്ണൂർ പാനൂരിനടുത്തുള്ള തൂവക്കുന്നിലെ കല്ലുമ്മക്കൽ പള്ളിക്ക് സമീപമുള്ള വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടെയായിരുന്നു സംഭവം. വീടിന്റെ മേൽക്കൂരയിലെ ഓട് മാറ്റുന്നതിനിടെയാണ് നിർമാണ തൊഴിലാളിയായ ചന്ദ്രി അബദ്ധത്തിൽ താഴേക്ക് വീണത്.
അപ്പോൾ താഴെ വാഹനത്തിൽ നിന്ന് കപ്പിയും കയറും ഉപയോഗിച്ച് ഓട് മുകളിലേക്ക് കയറ്റുന്ന ജോലിയിലായിരുന്നു രഞ്ജിഷ്. ചന്ദ്രി താഴേക്ക് വീഴുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ രഞ്ജിഷ് ഓടിയെത്തി കൈകൾ കൊണ്ട് താങ്ങിപ്പിടിക്കുകയായിരുന്നു.
രഞ്ജിഷ് സമയത്ത് പിടിച്ചില്ലായിരുന്നെങ്കിൽ താഴെ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ഗ്രില്ലിലോ ഫ്‌ളോറിലോ ഇടിച്ച് ഗുരുതര അപകടമുണ്ടാകുമായിരുന്നു. വീഴ്ചയുടെ ആഘാതം കുറയ്ക്കാൻ രഞ്ജിഷിന്റെ ഇടപെടൽ നിർണായകമായി. ചന്ദ്രിയുടെ തല വാഹനത്തിൽ ഭാഗികമായി ഇടിച്ചെങ്കിലും ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
രഞ്ജിഷും ചന്ദ്രിയും കോഴിക്കോട് ജില്ലയിലെ വളയം സ്വദേശികളാണ്. ഇരുവരും ഒരുമിച്ചാണ് വീട്ടിലെ നിർമാണ ജോലിക്കായി എത്തിയത്.






