കോഴിക്കോട് : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച ‘കലക്ടീവ് കാൻവാസ്’ ചിത്ര പ്രദർശനം നഗരത്തിന്റെ കലാബോധത്തിന് വർണ്ണപ്പകിട്ടേകി. 35-ഓളം കലാകാരന്മാരുടെ സൃഷ്ടികളുടെ നിറക്കാഴ്ചകൾ സമ്മാനിക്കുന്ന ഈ പ്രദർശനം ഇതിനോടകം തന്നെ ശ്രദ്ധേയമായി.
ദൈവരൂപങ്ങൾ, പരിസ്ഥിതി, ഗ്രാമീണ സൗന്ദര്യം, പൂക്കൾ എന്നിവയടങ്ങിയ വേറിട്ട കാഴ്ചകളാണ് ‘കലക്ടീവ് കാൻവാസി’ന്റെ പ്രധാന ആകർഷണം. അക്രിലിക്ക്, വാട്ടർ കളർ, ഓയിൽ തുടങ്ങിയ വിവിധ മാധ്യമങ്ങൾ ഉപയോഗിച്ച് വരച്ച നൂറിലധികം ചിത്രങ്ങളാണ് പ്രദർശനത്തിനായെത്തിയത്. പ്രശസ്‌ത ആർട്ടിസ്‌റ്റായ ‘മദനൻ’ പ്രദർശനത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. രാവിലെ 11 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് പ്രദർശന സമയം. ചിത്രകലാപ്രേമികൾക്ക് കണ്ണിന് കുളിരേകുന്ന ഈ വർണ്ണവിരുന്ന് നവംബർ 15-ന് സമാപിക്കും.




