തിരുവനന്തപുരം: വിലക്ക് ലംഘിച്ച് മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയെന്ന് പരാതി. സംവിധായകന്‍ അനുരാജ് മനോഹറിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് നടന്നതായി പരാതി കിട്ടിയെന്നു ദേവസ്വം അധ്യക്ഷന്‍ കെ ജയകുമാര്‍.
മകര വിളക്ക് ഷൂട്ട് ചെയ്യാന്‍ അനുമതി തേടിയപ്പോള്‍ നിഷേധിച്ചിരുന്നുവെന്നും ഷൂട്ടിങ് നടന്നുവെന്ന് തനിക്ക് പരാതി കിട്ടിയെന്നും ജയകുമാര്‍ പറഞ്ഞു. അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ് എസ് പിക്ക് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെന്നു ജയകുമാര്‍ അറിയിച്ചു.
അതേസമയം ഷൂട്ടിങ് നടന്നത് പമ്പയില്‍ എന്ന് സംവിധായകന്‍ അനുരാജ് പറഞ്ഞു. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ നില്‍ക്കുന്ന സ്ഥലത്താണ് അനുമതി തേടിയത്. പമ്പ പശ്ചാത്തലമായ സിനിമയാണ്.
ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ അനുമതി നിഷേധിച്ചു എന്നത് ശരിയാണ്. പിന്നീട് എഡിജിപി എസ് ശ്രീജിത്തിനെ സന്നിധാനത്ത് വെച്ച് കണ്ടു. എഡിജിപിയാണ് പമ്പയില്‍ ഷൂട്ട് ചെയ്യാന്‍ പറഞ്ഞത്. അന്വേഷണം നടക്കട്ടെ എന്നും സംവിധായകന്‍ പ്രതികരിച്ചു.










