എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ‘നിയുക്ത മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ച ഫ്ലക്സ് ബോർഡ്. മൂവാറ്റുപുഴയിലെ കിഴക്കേക്കര മണിയംകുളം കവലയിലാണ് “നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡ് കണ്ടെത്തിയത്. ബോർഡ് സ്ഥാപിച്ചവരുടെ പേരോ വിവരങ്ങളോ രേഖപ്പെടുത്തിയിരുന്നില്ല. മണിക്കൂറുകൾക്കകം ഇത് നീക്കം ചെയ്തു. ബോർഡ് സ്ഥാപിച്ചത് സതീശൻ അനുകൂലികളാണോ, അല്ലെങ്കിൽ വിവാദം സൃഷ്ടിക്കാനാണോ എന്നതിനെക്കുറിച്ച് കോൺഗ്രസ് നേതൃത്വം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനു മുൻപും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കോഴിക്കോട്, മലപ്പുറം, ആലുവ എന്നിവിടങ്ങളിലായിരുന്നു സമാന ബോർഡുകൾ. കോഴിക്കോട് ഡിസിസി ഓഫീസിന് സമീപം “ടൂർണമെന്റ് ജയിച്ചാൽ കപ്പ് വാങ്ങുന്നത് ക്യാപ്റ്റൻ” എന്ന സന്ദേശമുള്ള ഫ്ലക്സ് സ്ഥാപിച്ചിരുന്നു.
മലപ്പുറം വണ്ടൂരിലും തവനൂരിലും “കേരളം വി.ഡി. സതീശനൊപ്പം” എന്നെഴുതിയ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ചില ബോർഡുകൾ പിന്നീട് നശിപ്പിക്കുകയും ചെയ്തിരുന്നു. വിവിധ സ്ഥലങ്ങളിൽ തുടർച്ചയായി ഇത്തരം ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെടുന്നത് കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.




