പാലക്കാട്: മൽസരിച്ച സീറ്റുകളിലെല്ലാം ദയനീയ പരാജയം ഏറ്റുവാങ്ങി അമ്പലപ്പാറ പഞ്ചായത്തിൽ സംപൂജ്യരായി കോൺഗ്രസ്. ബ്ലോക്ക് പഞ്ചായത്തിലേക്ക് അമ്പലപ്പാറയിലെ രണ്ട് ഡിവിഷനിൽ നിന്ന് സ്ഥാനാർഥികൾ ഇല്ലാതിരുന്നതും വിമർശനത്തിന് ഇടയാക്കി. തോൽവിയെ തുടർന്ന് മണ്ഡലം പ്രസിഡൻ്റ് രാജിക്കത്ത് നൽകി. കൈപ്പത്തി ചിഹ്നത്തിൽ മൽസരിച്ച 11 വാർഡുകളിലും കോൺഗ്രസ് പരാജയം ഏറ്റുവാങ്ങി. അഞ്ച് സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളെ ഇറക്കിയും ജയം നേടാമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ല. മണ്ഡലം പ്രസിഡൻ്റ് കെ കെ സാജൻ മുരുക്കുംപറ്റ വാർഡിൽ മൽസരത്തിന് ഇറങ്ങിയെങ്കിലും 145 വോട്ട് മാത്രം നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അഞ്ച് വാർഡുകളിൽ കോൺഗ്രസിന് ആകെ നൂറിൽ താഴെ വോട്ടുകളാണ് ലഭിച്ചത്. 13 വാർഡുകളിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്. രണ്ട് വാർഡുകളിൽ നാലാം സ്ഥാനത്തും. മൂന്ന് വാർഡുകളിൽ കോൺഗ്രസിനോ യുഡിഎഫിനോ സ്ഥാനാർഥികൾ പോലും ഉണ്ടായിരുന്നില്ല. രണ്ട് വാർഡുകളിൽ മുസ്‌ലിം ലീഗ് മൽസരിച്ചപ്പോൾ രണ്ട് വാർഡുകളിൽ ജനകീയ വികസന സമിതിയെ പിന്തുണച്ചു. അതേസമയം ചുനങ്ങാട് മേഖലയിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അമ്പലപ്പാറ വികസന മുന്നണിയുമായി ഒരു ഘട്ടത്തിൽ ചേർന്ന് മൽസരിക്കാമെന്നുള്ള ധാരണയുണ്ടായിരുന്നു.
എന്നാൽ ധാരണക്കപ്പുറത്ത് വികസന മുന്നണി മൽസരിക്കുന്ന വാർഡുകളിലും സ്ഥാനാർഥികളെ നിർത്തി ധാരണ അട്ടിമറിച്ചു. പല വാർഡുകളിലും വളരെ വൈകി സ്ഥാനാർഥികളെ നിശ്ചയിച്ചതും തിരിച്ചടിയായി. ബ്ലോക്ക് പഞ്ചായത്ത് അമ്പലപ്പാറ, പുലാപ്പറ്റശ്ശേരി ഡിവിഷനുകളിലാണ് കോൺഗ്രസിന് സ്ഥാനാർഥികൾ ഇല്ലാതിരുന്നത്. ഈ ഡിവിഷനുകളിൽ സിപിമ്മും ബിജെപിയും നേരിട്ടായിരുന്നു മൽസരം. പരാജയത്തിൻ്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടാണ് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ.കെ സാജൻ ഡിസിസി പ്രസിഡൻ്റിന് രാജിക്കത്ത് നൽകിയത്.










