കോയമ്പത്തൂർ: ചോദ്യം ചെയ്യലെന്ന പേരിൽ യുവതിയെ ലൈംഗികമായി അധിക്ഷേപിക്കുകയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ചെയ്ത കേസിൽ തുടിയല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ വിനോദ് കുമാർ അറസ്റ്റിലായി. സംഭവത്തിൽ നേരത്തെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.
ജൂലൈ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി സുഹൃത്തിനൊപ്പം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന വിനോദ് കുമാർ ഇവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തതായി പരാതിയിൽ പറയുന്നു.
തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനെന്ന പേരിൽ യുവതിയെ സുഹൃത്തിൽ നിന്ന് മാറ്റിനിർത്തിയ കോൺസ്റ്റബിൾ അശ്ലീല പരാമർശങ്ങൾ നടത്തുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു.
സംഭവത്തെ തുടർന്ന് മാനസികമായി തകർന്ന യുവതി വിവരം സുഹൃത്തിനോട് അറിയിക്കുകയായിരുന്നു. തുടർന്ന് സുഹൃത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിനോദ് കുമാറിനെ ആദ്യം സസ്പെൻഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.











