ന്യൂഡൽഹി: ലോക്‌സഭയിൽ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെങ്കിലും, അതുമായി ബന്ധപ്പെട്ട മണ്ഡല പുനർനിർണയ നടപടികളിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തണമെന്ന് ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) ആവശ്യപ്പെട്ടു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിലാണ് പാർട്ടി ഇക്കാര്യം ഉന്നയിച്ചത്.
സെൻസസും മണ്ഡല പുനർനിർണയവും പൂർത്തിയാകുന്നതുവരെ കാത്തിരിക്കാതെ, നിലവിലെ ലോക്‌സഭ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ തന്നെ വനിതാ സംവരണം ഉടൻ നടപ്പാക്കണമെന്ന് ഡി.എം.കെ എം.പി തിരുച്ചി ശിവ ആവശ്യപ്പെട്ടു.
മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച നേട്ടം കൈവരിച്ച സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുന്ന രീതിയിലാകരുത് പുനർനിർണയ നടപടികളെന്നും, അത്തരമൊരു സാഹചര്യമുണ്ടെങ്കിൽ അത് 25 വർഷത്തേക്ക് മാറ്റിവയ്ക്കണമെന്നും ശിവ ആവശ്യപ്പെട്ടു.
മണ്ഡല പുനർനിർണയത്തെ നേരത്തെ ശക്തമായി എതിർത്തിരുന്ന ഡി.എം.കെ, വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കുന്നതിൽ ഡി.എം.കെയുടെ പിന്തുണ എൻ.ഡി.എയ്ക്ക് നിർണായകമാകുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.




