മലപ്പുറം: തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. തിരൂർ ചമ്രവട്ടം ആനൊഴുക്കുപാലം സ്വദേശിയായ സുരേഷിനെയാണ് തെരുവുനായ ആക്രമിച്ചത്.
മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14 വയസുകാരിയെ തെരുവുനായ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുരേഷ് ഇടപെട്ടത്. പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ സുരേഷ് ഓടയിൽ വീണതോടെ നായ തുടർച്ചയായി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സുരേഷിന് ശരീരത്തിൽ 15 ഇടങ്ങളിൽ മുറിവേറ്റതായാണ് വിവരം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ സുരേഷ് ചികിത്സയിൽ കഴിയുകയാണ്.










