തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിലെ അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. കൗൺസിൽ ആസ്ഥാനത്തും ജില്ലാ ഓഫീസുകളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തുകയാണ്. ‘ഓപ്പറേഷൻ കളിക്കളം’ എന്ന പേരിലാണ് പരിശോധന. കായികതാരങ്ങൾക്കായി വാങ്ങിയ സ്പോർട്സ് കിറ്റുകൾ ഉൾപ്പെടെ പൂഴ്ത്തിവച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്പോർട്സ് കൗൺസിലിൽ നടന്ന ഇടപാടുകളാണ് വിജിലൻസ് പരിശോധിക്കുന്നത്. വിവിധ പദ്ധതികൾക്കായി ചെലവഴിച്ച തുക, യോഗ്യത നേടാത്ത താരങ്ങളെ മത്സരങ്ങളിൽ പങ്കെടുപ്പിച്ചത്, ഭക്ഷണവും സ്റ്റൈപ്പൻഡും നൽകുന്നതിലെ വീഴ്ച, വ്യാജ മത്സരഫലങ്ങൾ തയ്യാറാക്കൽ, ഹോസ്റ്റൽ നടത്തിപ്പിലെ ക്രമക്കേടുകൾ, കൗൺസിൽ അംഗങ്ങളുടെ യാത്രകൾ, സർക്കാർ ഫണ്ട് വകമാറ്റൽ തുടങ്ങിയ ഗുരുതര പരാതികളാണ് വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചത്. കായികമന്ത്രി ഒ.ജെ. ജെനീഷിന് ലഭിച്ച പരാതികളും വിജിലൻസിന് കൈമാറിയിരുന്നു.
യുവതാരങ്ങൾക്കായി വാങ്ങിയ സ്പോർട്സ് കിറ്റുകൾ പൂഴ്ത്തിവച്ചതടക്കമുള്ള ക്രമക്കേടുകൾ നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിജിലൻസ് പരിശോധന നടത്തുന്നത്. രേഖകൾ പിടിച്ചെടുത്തുള്ള പരിശോധനയ്ക്ക് ശേഷം ജില്ലാ എസ്.പിമാർ റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കേണ്ട സാഹചര്യമുണ്ടെങ്കിൽ സർക്കാർ അനുമതിയോടെ കേസെടുക്കാൻ നിർദേശം നൽകുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.


