കോഴിക്കോട്: ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ആനക്കാംപൊയിലിലാണ് അപകടം ഉണ്ടായത്. ആനക്കാംപൊയിൽ സ്വദേശികളായ പുത്തൻപുരയിൽ ഷിജു ജോസഫും ഭാര്യ ബിൻസിയും ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതരയോടെയാണ് അപകടം ഉണ്ടായത്.
തിരുവമ്പാടി റോഡിലൂടെ ഇറക്കം ഇറങ്ങി വരികയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. ഷിജു ഓട്ടോ ഡ്രൈവറായിരുന്നു. ബിൻസി തിരുവമ്പാടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.
ബിൻസിയെ ജോലി സ്ഥലത്ത് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായി തകർന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.




