തിരുവനന്തപുരം: ഉള്ളൂരിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹത. ഉള്ളൂർ ആക്കുളം മാവടിനടയിലെ പുഷ്പ ഭവനിൽ താമസിച്ചിരുന്ന രഘുനാഥൻ നായർ (64), ഭാര്യ പുഷ്പ (57) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
പ്രാഥമിക നിഗമനമനുസരിച്ച്, പുഷ്പയെ കൊലപ്പെടുത്തിയ ശേഷം രഘുനാഥൻ നായർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് സംശയം. രഘുനാഥൻ നായർ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു, പുഷ്പയുടെ മൃതദേഹം വീടിന്റെ തറയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ഏകദേശം അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ.
വീട്ടിൽ നിന്ന് ദുർഗന്ധം ഉയർന്നതിനെ തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളേജ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതോടെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
നാലുവർഷം മുമ്പ് ഭർത്താവിനെ വിട്ട് പുഷ്പ രഘുനാഥനൊപ്പം താമസം ആരംഭിച്ചിരുന്നുവെന്ന് അറിയുന്നു. ഞായറാഴ്ച വളർത്തുമകൻ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. സാധാരണയായി ഫോൺ എടുക്കാത്ത ശീലം ഉണ്ടായിരുന്നതിനാൽ പിന്നീട് വീട്ടിൽ എത്തി നോക്കാൻ തീരുമാനിക്കുകയായിരുന്നു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം തുടരുകയാണ്.






