കണ്ണൂർ: പാലതായി പീഡന കേസിലെ പ്രതി കടവത്തൂർ മുണ്ടതോട്ടിലെ കെ പദ്മരാജൻ കുറ്റക്കാരൻ എന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. ഏറെ വിവാദമായ കേസിലാണ് ബിജെപി നേതാവും അധ്യാപകനുമായ പദ്മരാജൻ കുറ്റക്കാരൻ എന്ന് തലശേരി പോക്സോ സ്പെഷ്യൽ കോടതി ജഡ്ജ് എം ടി ജലജ റാണി വിധിച്ചത്.
2020 മാർച്ച് 16നു തലശ്ശേരി ഡെപ്യൂട്ടി സൂപ്പറെന്റെണ്ട് ഓഫ് പോലീസ് കിട്ടിയ പരാതിയിലായിരുന്നു തുടക്കം. ബിജെപി നേതാവായ ഇദ്ദേഹം പെൺകുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ വച്ചും മറ്റൊരു വീട്ടിൽ വച്ചും ലൈംഗികമായി പീഡിപ്പിച്ചു വെന്നാണ് പരാതി. തലശ്ശേരി ഡെപ്യൂട്ടി സൂപ്പറെന്റെണ്ട് ഓഫ് പോലീസ് പാനൂർ പോലീസിന് പരാതി കൈമാറി.
അന്വേഷണത്തിൽ പരാതി വ്യാജമാണ് എന്നായിരിന്നു ആദ്യ കണ്ടെത്തലുകൾ. എന്നാൽ പ്രതിക്കെതിരെ നടപടി എടുക്കാത്തതിനാൽ പ്രതിഷേധം ഉയർന്നേത്തോടെ പോക്സോ ചുമത്തി കേസെടുത്തു. 4അധ്യാപകർ ഉൾപ്പെടെ 40 സാക്ഷികളെ പ്രോസീക്യൂഷൻ വിസ്തരിച്ചു. സ്വകാര്യഭാഗത്ത് മുറിവുണ്ടായതിന്റെയും തുടർന്ന് ചികിത്സ തേടിയതിന്റെയും വിവരങ്ങളും കോടതിയിൽ ഹാജരാക്കി. പ്രോസീക്യൂഷനുവേണ്ടി പിഎം ഭാസുരിയും പ്രതി ഭാഗത്തിനു വേണ്ടി പി പ്രേമരാജനും കോടതിയിൽ ഹാജരായി.




